74-ാമത് സാഹിത്യ സല്ലാപത്തില്‍ 'എഫ്എആര്‍എം' ചര്‍ച്ച ജൂണ്‍ 28ന്
Friday, June 27, 2014 8:14 AM IST
ടാമ്പാ: എഴുപത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ അമേരിക്കയിലെ പ്രവാസ ജീവിതത്തിനുശേഷം കേരളത്തിലേയ്ക്ക് തിരിച്ചുപോയവരുടെ സംഘടനയായ എഫ്എആര്‍എം എന്ന നവീന പ്രസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നു.

ജൂണ്‍ 28ന് (ശനി) സംഘടിപ്പിക്കുന്ന സല്ലാപത്തില്‍ പ്രശസ്ത ഗ്രന്ഥകാരനും അമേരിക്കയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും 'എഫ്എആര്‍എം' സെക്രട്ടറിയുമായ ഡോ. ജോര്‍ജ് മരങ്ങോലി, കേരള ഹൈക്കോടതി അഭിഭാഷകയായ അഡ്വ. വത്സ ജോര്‍ജ് മരങ്ങോലി 'എഫ്എആര്‍എം' പ്രസിഡന്റ് വി.പി. മേനോന്‍ എന്നിവര്‍ ആയിരിക്കും ചര്‍ച്ചയ്ക്കു നേതൃത്വം വഹിക്കുന്നത്. എഫ്എആര്‍എം എന്ന സംഘടനയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

21ന് സംഘടിപ്പിച്ച എഴുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ പ്രശസ്ത ചെറുകഥാകൃത്തായ പി.കെ. പാറക്കടവ് ആയിരുന്നു 'മലയാളത്തിലെ നുറുങ്ങു കഥകള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. 'കുഞ്ഞു വലിയ കഥകളുടെ തമ്പുരാന്‍' എന്ന പേരില്‍ അറിയപ്പെടുന്ന പി.കെ. പാറക്കടവ് തന്റെ എളിമകൊണ്ടും കഴിവുകൊണ്ടും സഹൃദയ ശ്രദ്ധ പിടിച്ചുപറ്റി. ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഒരു ഉത്തമ കലാകാരന്റെ സവിശേഷത എന്ന് അദ്ദേഹം സ്വന്തം കഥകളിലൂടെ തെളിയിച്ചു. എഴുതുവാന്‍വേണ്ടി ആരും എഴുതരുതെന്നും എന്നാല്‍ എഴുതുവാനുള്ള ഉള്‍വിളി ലഭിച്ചാല്‍ എഴുതണമെന്നും അല്ലെങ്കില്‍ വായനക്കാരില്‍ നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടിവരുമെന്നും എത്ര എഴുതി എന്നതല്ല എന്ത് എഴുതി എന്നതാണ് പ്രസക്തം എന്നും മറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, സി.എം.സി, പ്രഫ. എം.ടി. ആന്റണി, ഏബ്രഹാം തെക്കേമുറി, ജോസഫ് നമ്പിമഠം, എം.സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. മര്‍സലിന്‍ ജെ, മോറിസ്, ജോര്‍ജ് മുകളേല്‍, മുരളി ജെ. നായര്‍, ത്രേസ്യാമ്മ നാടാവള്ളില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, രാജു തോമസ്, മോന്‍സി കൊടുമണ്‍, ജയിംസ് മാത്യു, മൈക്ക് മത്തായി, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, സാം നിലമ്പള്ളില്‍, പി.വി. ചെറിയാന്‍, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395.