'വേനല്‍തുമ്പികള്‍' ക്യാമ്പിനു ആവേശകരമായ പര്യവസാനം
Thursday, June 26, 2014 8:18 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളാ വിഭാഗം സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള സൌജന്യ അവധിക്കാല ക്യാമ്പ് 'വേനല്‍തുമ്പികള്‍ - 2014' ആവേശകരമായി പര്യവസാനിച്ചു.

ജൂണ്‍ 13, 14, 20, 21 തീയതികളിലായ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്റെ ദര്‍സൈറ്റിലുള്ള ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. നാട്ടില്‍ നിന്നുമെത്തിയ പ്രമുഖ നാടകപ്രവര്‍ത്തകനും ബാലസംഘത്തിന്റെയും ബാലവേദിയുടെയും വേനല്‍തുമ്പികള്‍ ക്യാമ്പിനു സംസ്ഥാനതലത്തില്‍ നേതൃത്വം കൊടുത്തിട്ടുള്ള ബിജു നിടുവാലൂര്‍ ആണ് ഇത്തവണത്തെ ക്യാമ്പ് നയിച്ചത്.

രണ്ടാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസു വരെയുള്ള വിവിധ പ്രായത്തിലുള്ള ഇരുനൂറോളം കുട്ടികള്‍ മലയാളത്തിലെ കവിത്രയങ്ങളുടെ പേരില്‍ ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ക്യാമ്പില്‍ പങ്കെടുത്തു. അവസാനദിവസം കുട്ടികള്‍ തന്നെ ഒരുക്കിയ സ്കിറ്റുകളും നൃത്തങ്ങളും പാട്ടുകളും വേദിയില്‍ അവതരിപ്പിക്കുകയുണ്ടായി.

ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ബിജു നിടുവാലൂരിനു കേരളാ വിഭാഗത്തിന്റെ സ്നേഹോപഹാരം ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹ്യക്ഷേമവിഭാഗം കണ്‍വീനര്‍ പി.എം ജാബിര്‍ സമ്മാനിച്ചു. കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടറിഞ്ഞു അവയെ പരിപോഷിപ്പിക്കുന്ന തരത്തില്‍ വിനോദ-വിജ്ഞാനപ്രദമായാണു ക്യാമ്പിന്റെ കരിക്കുലം തയാറാക്കിയിരുന്നതെന്നു കേരളാവിഭാഗം ബാലവിഭാഗം കോഓര്‍ഡിനേറ്റര്‍ ദിനേശ് പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കേരളാവിഭാഗം കുട്ടികള്‍ക്കായി വേനല്‍തുമ്പികള്‍ എന്ന പേരില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഇരുനൂറോളം കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടാകാറുള്ള ക്യാമ്പ് തികച്ചും സൌജന്യമാണെന്ന് കണ്‍വീനര്‍ രജിലാല്‍ പറഞ്ഞു.

ഒയാസിസ് വാട്ടര്‍ കമ്പനി, അല്‍സീര്‍ (സണ്‍ ടോപ്), അല്‍ സഫ, ഇന്ദുലേഖ ഹെയര്‍ ഓയില്‍ തുടങ്ങിയവര്‍ ഇത്തവണത്തെ ക്യാമ്പിനാവശ്യമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം