ഹജ്ജ് ക്വാട്ടയിലെ സംവരണം അഖിലേന്ത്യാ തലത്തിലാക്കണം: പി.ടി ഇമ്പിച്ചിക്കോയ
Thursday, June 26, 2014 8:15 AM IST
റിയാദ്: മൂന്നും നാലും വര്‍ഷമായി ഹജ്ജിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഹജ്ജ് ക്വാട്ടയിലെ സംവരണം അഖിലേന്ത്യാ തലത്തിലാക്കണമെന്ന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി.ടി ഇമ്പച്ചിക്കോയ ആവശ്യപ്പെട്ടു.

ഹൃസ്വസന്ദര്‍ശനാര്‍ഥം സൌദി അറേബ്യയിലെത്തിയ ഇമ്പിച്ചിക്കോയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

ഇത്തവണ കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ അനുവദിച്ചിരിക്കുന്നത് വെറും 6000 പേര്‍ക്ക് മാത്രം ഹജ്ജിന് പോകാനുള്ള അവസരമാണ്. ഇതിനായി അന്‍പതിനായിരത്തിനടുത്ത് അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സംവരണ ആനുകൂല്യമുള്ളവര്‍ മാത്രം 9000 ത്തില്‍ അധികമാണ്. അവസരം ലഭിച്ചിരിക്കുന്നത് വെറും 6000 പേര്‍ക്കും. 70 വയസിന് മുകളിലുള്ളവര്‍ക്കും അവരുടെ സഹായിയായി ഒരാള്‍ക്കും സംവരണ ആനുകൂല്യത്തില്‍ നറുക്കെടുപ്പില്ലാതെ ഹജ്ജിനു പോകാം. അതോടൊപ്പം മൂന്ന് തവണ അപേക്ഷിച്ച് ലഭിക്കാതെ നാലാമതും അപേക്ഷ നല്‍കുന്നവരേയും നേരിട്ട് തെരഞ്ഞെടുക്കണമെന്നാണ്. ഇങ്ങനെ സംവരണ ആനുകൂല്യമുള്ള 9000 അപേക്ഷകരില്‍ 3000ത്തില്‍ അധികമാളുകള്‍ ഇത്തവണയും ഹജ്ജിന് പോകാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഇതില്‍ അധികവും മൂന്ന് വര്‍ഷത്തിലധികമായി ഹജ്ജിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ്. എന്നാല്‍ ഹജ്ജ് അപേക്ഷകര്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ജനറല്‍ കാറ്റഗറി മുഴുവന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പോലും അവര്‍ക്കനുവദിച്ച ക്വാട്ടയില്‍ സീറ്റ് ബാക്കിയാണെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ ഹജ്ജ് അപേക്ഷകരിലെ സംവരണം അഖിലേന്ത്യാ തലത്തിലാക്കുകയാണെങ്കില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനറല്‍ കാറ്ററിയിലുള്ളവര്‍ക്ക് പോലും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകാരുടെ കെണിയില്‍പ്പെടാതെ മിതമായ നിരക്കില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ തന്നെ ഹജ്ജ് നിര്‍വഹിക്കാന്‍ സാഹചര്യമുണ്ടാകുമെന്ന് പി.ടി ഇമ്പിച്ചിക്കോയ പറഞ്ഞു.

വിമാന ടിക്കറ്റിന്മേല്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്ന ഹാജിമാര്‍ക്ക് 20,000 രൂപക്ക് മുകളിലുള്ള തുക സബ്സിഡിയായി ലഭിക്കുന്നുണ്ട്. ഹജ്ജ് സമയത്ത് സാധാരണ നിരക്കിന്റെ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് 40,000 രൂപയോളമാണ് ഓരോ വര്‍ഷവും എയര്‍ ഇന്ത്യ സര്‍ക്കാരില്‍ നിന്നും സബ്സിഡിയായി ഒരു ഹാജിയുടെ പേരില്‍ വാങ്ങുന്നത്. ഇത്തവണ സൌദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്കും തിരിച്ചും 75,000 രൂപയാണ് ഹാജിമാരില്‍ നിന്നും യാത്രാക്കൂലി വാങ്ങുന്നത്. അന്യായമായ ഈ ചാര്‍ജ് വര്‍ധന നിയന്ത്രിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുകയാണെങ്കില്‍ മാത്രമെ ഹജ്ജ് സബ്സിഡി മൂലം ഹാജിമാര്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവുകയുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഹജ്ജ് അപേക്ഷകനില്‍ നിന്നും 300 രൂപയാണ് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഇനത്തില്‍ ഈടാക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇത്തവണ ഒന്നരക്കോടി രൂപയോളം രജിസ്ട്രേഷന്‍ ഇനത്തില്‍ സര്‍ക്കാരിലേക്ക് ലഭിച്ചിട്ടുണ്ട്. 300 രൂപ വീതം മൂന്നും നാലും വര്‍ഷമായി അടച്ച് നറുക്ക് ലഭിക്കാതെ കാത്തിരിപ്പ് തുടരുന്നവരാണ് അധികവും. ഇതും അന്യായമാണെന്ന് വെല്‍ഫെയര്‍ ഫോറം ജനറല്‍ സെക്രട്ടറി പറഞ്ഞു. സര്‍ക്കാര്‍ ക്വാട്ടയിലേക്ക് അപരിഷ്കൃതമായ രീതിയില്‍ സെലക്ഷന്‍ നടത്തുന്നതുകൊണ്ട് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകാര്‍ക്ക് പണം കൊയ്യാനുള്ള അവസരമാണുണ്ടാകുന്നത്. സര്‍ക്കാര്‍ ക്വാട്ടയില്‍ 1.45 ലക്ഷം മുതല്‍ 1.65 ലക്ഷം മാത്രം ഹാജിമാരില്‍ നിന്നും ചാര്‍ജ് ഈടാക്കുമ്പോള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകാര്‍ മൂന്നര ലക്ഷം രൂപയോളമാണ് വാങ്ങുന്നത്.

എല്ലാ വിഭാഗം ആളുകളേയും ഉള്‍പ്പെടുത്തി ഒട്ടും വിഭാഗീയത ഇല്ലാതെയാണ് ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തിക്കുന്നതെന്ന് ഒന്‍പത് വര്‍ഷമായി ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായി തുടരുന്ന പി.ടി ഇമ്പിച്ചിക്കോയ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹജ്ജിനെക്കുറിച്ചുള്ള ബോധവത്കരണം, ഹജ്ജിന്റെ അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കല്‍, ഹജ്ജിന്റെ പ്രതിരോധ കുത്തിവയ്പുകള്‍ക്കുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങളും വോളന്റിയര്‍മാരുടെ സഹകരണത്തോടെ ഹജ്ജ് ക്യാമ്പുകളിലും എയര്‍പോര്‍ട്ടിലും ഹാജിമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതടക്കം ഒട്ടേറെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ 13 നാണ് കരിപ്പൂരില്‍ നിന്നും ആദ്യം ഹജ്ജ് വിമാനം പുറപ്പെടുക. സെപ്റ്റംബര്‍ 25 ന് അവസാന ഹജ്ജ് വിമാനം കോഴിക്കോട് നിന്ന് പറന്നുയരുന്നതുവരെ വെല്‍ഫെയര്‍ ഫോറം സജീവമായി കര്‍മ്മരംഗത്തുണ്ടാകുമെന്നും പി.ടി ഇമ്പിച്ചിക്കോയ പറഞ്ഞു.

പ്രമുഖ സ്വാതന്ത്യസമര സേനാനിയായിരുന്ന സര്‍ദാര്‍ മൊയ്തീന്‍ കോയയുടെ മകനായ പി.ടി ഇമ്പിച്ചിക്കോയ റിയാദിലെ കോഴിക്കോട് സിറ്റി കെഎംസിസി വൈസ് പ്രസിഡന്റ് അന്‍സാരി തോപ്പിലകത്തിന്റെ സഹോദരനാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍