എളിമയുടെ താലന്തുകളുമായി എന്നും ഫോമയോടൊപ്പം സജി കരിമ്പന്നൂര്‍
Thursday, June 26, 2014 8:00 AM IST
ന്യൂയോര്‍ക്ക്: പൊതു പ്രവര്‍ത്തനം ലളിതമായിരിക്കണം. ഒപ്പം ദീര്‍ഘവീക്ഷണവും യുക്തിസഹജവുമായി തീരുമാനമെടുക്കാനുള്ള കഴിവുകള്‍ ഈ രംഗത്തുവരുന്നവര്‍ക്കുണ്ടാവുകയും വേണം. ബലിദാനസന്നദ്ധമായ പൂര്‍ണവിരക്തനായ യോഗിവര്യനായിരിക്കണം പൊതു പ്രവര്‍ത്തകന്‍.

സംഘടിത ശക്തിയുടെ പര്യായമാണ് ഫോമ. 58 സംഘടനകള്‍, അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അംബ്രല്ലാ അസോസിയേഷന്‍. ഈ പടയണിയില്‍ ഒരു പണിയാളായി ചേരുവാന്‍, നിങ്ങളില്‍ ഒരാളായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സജി കരിമ്പന്നൂര്‍ ആഗ്രഹിക്കുന്നു. 2014- 16 വര്‍ഷത്തെ ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

കൃത്യമായ നീതിബോധത്തിന്റെ കറതീര്‍ന്ന കണക്കുപുസ്തകമായിരിക്കും തുടര്‍ന്നുള്ള ഫോമയുടെ വരവ് ചെലവ് കണക്കുകള്‍. ആര്‍ക്കും എപ്പോഴും പരിശോധിക്കാവുന്ന രീതിയില്‍ സുതാര്യവും തുറന്ന പുസ്തകവുമായിരിക്കും വസ്തുതകള്‍. നീണ്ട 22 വര്‍ഷത്തെ പ്രവാസി സംഘടനാ പരിചയം ഇതിനായി വിനിയോഗിക്കും. കൊണ്ടും കൊടുത്തും സമൂഹത്തിന് നന്മചെയ്യുന്ന ഒട്ടനവധി ബോധധാരകള്‍, ദര്‍ശനങ്ങള്‍, ആഗോള വാണിജ്യമേഖല തുടങ്ങി കൈയെത്താവുന്ന എല്ലാ മേഖലകളിലും കടന്നുചെന്ന് സംഘടനയെ ശക്തിപ്പെടുത്തും. മലയാളത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന സ്പോണ്‍സര്‍മാരോട് നന്ദി പറയാന്‍ വാക്കുകളില്ല. കൂടുതല്‍ സ്പോണ്‍സര്‍മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, എല്ലാ മലയാളി കുടുംബങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ജനകീയ കണ്‍വന്‍ഷന്‍ വിഭാവനം ചെയ്യും.

അക്ഷരങ്ങള്‍ കൊണ്ട് മേല്‍ക്കൂര പണിയുന്ന സാഹിത്യനായകന്മാര്‍, പെണ്‍ഘടികാരങ്ങള്‍, യുവത്വത്തിന്റെ ഇടിനാദങ്ങള്‍...ഇവരെയൊക്കെ ഫോമയുടെ പടയണിയില്‍ ചേര്‍ക്കും. നമ്മുടെ സംസ്കൃതിയുടെ അന്യമായ ശേഷിപ്പുകള്‍ അറിവിന്റെ നിറവിലേക്ക് കടന്ന് ചെന്ന് മലയാളപ്പെരുമയെ ആദരിക്കും. എല്ലാ ദൃശ്യശ്രാവ്യ അച്ചടി മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സംഘടനയെ ശക്തിപ്പെടുത്തും. പ്രസ്തുത കാര്യങ്ങള്‍ സജിയുടെ പ്രവര്‍ത്തന പരിപാടികളില്‍ ചിലതു മാത്രമാണ്.

ഫോമയോടൊപ്പം അണിയറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച് സേവനത്തിനു മുന്‍തൂക്കം നല്‍കുന്ന സജി ഏറ്റെടുത്ത കര്‍മ്മപരിപാടികളുടെ വിജയത്തിന്റെ നിഷ്കളങ്കമായ സംതൃപ്തിയോടെയാണ് കടന്നുവരുന്നത്.

കോട്ടയം മണര്‍കാട് സ്വദേശിയാണ്. 1992-ല്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ കൊമേഴ്സ് ബിരുദധാരിയായ സജി. കേരളത്തിലെ വിവിധ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പിതാവ് പരേതനായ കെ.എ ജോണിന്റെ പാതയെ പിന്തുടര്‍ന്ന് ജേര്‍ണലിസ്റ് ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്ത് ഇന്നും കൈമുതാലാക്കി സൂക്ഷിക്കുന്നു. സ്വന്തം തൂലിക ഇന്നും സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരായി ഉപയോഗിച്ചുവരുന്നു.

ന്യൂയോര്‍ക്കിലെ ആദ്യ യാക്കോബായ ദേവാലയമായ സ്റാറ്റന്‍ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് ട്രഷറര്‍ അനുഷ്ഠിച്ചുകൊണ്ടായിരുന്നു തുടക്കം.

ന്യൂയോര്‍ക്കിലെ കലാ-സാംസ്കാരിക സംഘടനയായ സ്റാറ്റന്‍ഐലന്റ് കലാവേദിയുടെ രൂപീകരണത്തില്‍ പങ്കാളിയായി. അതിന്റെ സ്ഥാപക പ്രസിഡന്റുമായി. വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തം നടന്ന അവസരത്തില്‍ കലാവേദിയുടെ നേതൃത്വത്തില്‍ റെഡ്ക്രോസ്, സാല്‍വേഷന്‍ ആര്‍മി തുടങ്ങിയവയുമായി സഹകരിച്ച് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ന്യൂയോര്‍ക്കിലെ വിവിധ മലയാളി സംഘടനകളിലും, ഫൊക്കാനയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

2002-ല്‍ ഫ്ളോറിഡയിലേക്ക് താമസം മാറ്റി. ഇപ്പോള്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്ളോറിഡയുടെ ട്രസ്റി ബോര്‍ഡ് ജനറല്‍ സെക്രട്ടറിയാണ്. കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ എക്യൂമെനിക്കല്‍ സെക്രട്ടറി, താമ്പാ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് ട്രഷറര്‍, ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോമയോടൊപ്പം ഫോമാ മീഡിയാ കോഓര്‍ഡിനേറ്റര്‍/പിആര്‍ഒ, നാഷണല്‍ കമ്മിറ്റിയംഗം, ഫോമയുടെ ആദ്യമുഖപത്രമായ ഫോമാ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, 2009-ല്‍ ഫ്ളോറിഡയില്‍ നടന്ന ഫോമ യൂത്ത് ഫെസ്റിവല്‍ ഗ്രാന്റ് ഫിനാലേയുടെ ഇവന്റ് കോഓര്‍ഡിനേറ്റര്‍, ഫോമയുടെ പ്രഥമ സുവനീറിന്റെ ചീഫ് എഡിറ്റര്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ ഈവര്‍ഷത്തെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍, മീഡിയ കമ്മിറ്റികളില്‍ ചെയര്‍പേഴ്സണായും സേവനം അനുഷ്ഠിച്ചുവരുന്നു. കടന്നുപോയ പ്രവാസി ജീവിതത്തിന്റെ 22 വര്‍ഷത്തെ സഞ്ചാരപഥങ്ങള്‍ എളിമയുടെ താലന്തുകളാക്കിയതില്‍ കൃതാര്‍ഥനാണ് സജി കരിമ്പന്നൂര്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം