തോമസ് എം. തോമസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Thursday, June 26, 2014 7:59 AM IST
ന്യൂജേഴ്സി: അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായിരുന്ന തോമസ് എം. തോമസിന്റെ വേര്‍പാടിനെപ്പറ്റിയുള്ള നൂറുനൂറു വാര്‍ത്തകള്‍ ഇതിനോടകം പത്രമാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. ജൂണ്‍ 22-ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 9.30 വരെ ന്യൂജേഴ്സി ഡ്യൂമോണ്ടിലുള്ള ഫ്യൂണറല്‍ ഹോമില്‍ നടത്തിയ വ്യൂവിംഗില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ആള്‍ക്കാരുടെ തിരക്ക് പ്രതീക്ഷിച്ച് വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വോളന്റിയര്‍മാരുടെ ഒരു സേന തന്നെ ഉണ്ടാക്കിയിരുന്നു. അതിനാല്‍ ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കാതെ ജനങ്ങളെ നിയന്ത്രിക്കുന്നതിനു കഴിഞ്ഞു.

തുടക്കത്തില്‍ ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി റവ.ഫാ ജേക്കബ് ക്രിസ്റിയുടെ നേതൃത്വത്തില്‍ ശുശ്രൂഷകള്‍ നടത്തി. തുടര്‍ന്ന് കൈരളി ഹോംസിനെ പ്രതിനിധീകരിച്ച് ഡോ. ജോയി, ജസ്റീസ് ഫോര്‍ ഓള്‍ (ജെഎഫ്എ) എന്ന സംഘടനയെ പ്രതിനിധീകരിച്ച് അലക്സ് കോശി വിളനിലം പ്രത്യേകമായി തയാറാക്കിയ ജെഎഫ്എയുടെ റെസല്യൂഷന്‍ പാസാക്കുകയും ജെഎഫ്എ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ട്രഷറര്‍കൂടിയായ തോമസ് എം. തോമസിന് അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു.

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന തോമസ് എം. തോമസ് എസ്എംസിസി എന്ന പ്രസ്ഥാനത്തിന്റെ നാഷണല്‍ ട്രഷററായി നാലുവര്‍ഷം സേവനം അനുഷ്ഠിച്ച നിസ്വാര്‍ത്ഥമതിയായ ഒരു മാന്യദേഹം ആയിരുന്നു എന്ന കാര്യം ഫോമയുടെ പ്രസിഡന്റ് ജോര്‍ജ് മാത്യു പറയുകയുണ്ടായി. ജോര്‍ജ് മാത്യുവിനോടും ഡോ. ജയിംസ് കുറിച്ചിയോടും പോള്‍സണ്‍ കോളേങ്ങോടിനോടും മറ്റ് പ്രഗത്ഭരായ വ്യക്തികളോടുമൊപ്പം ആ പ്രസ്ഥാനത്തില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയായിരുന്നു തോമസ് എം. തോമസ്. എസ്എംസിസി പ്രസിഡന്റ് സിറിയക് കുര്യന്‍, കാലിഫോര്‍ണിയയില്‍ നിന്നും പ്രത്യേകം എത്തിയ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി തുടങ്ങിയവരെല്ലാം തങ്ങളുടെ പ്രിയങ്കരനായ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പ്രമുഖ നേതാക്കളെല്ലാം തന്നെ തങ്ങളുടെ സഹപ്രവര്‍ത്തകന് അര്‍ഹമായ രീതിയില്‍ അന്തിമോപചാരമര്‍പ്പിച്ചു. തോമസ് എം. തോമസിന്റെ വേര്‍പാട് കാത്തലിക് അസോസിയേഷനും മലയാളി സമൂഹത്തിനും തീരാ നഷ്ടമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജിന്‍സ് മോന്‍ സ്കറിയ പറഞ്ഞു. ലീലാ മാരേട്ട്, ഷാജിമോന്‍ വെട്ടം, ജോര്‍ജുകുട്ടി, ജോസ് കാനാട്ട്, മേരി ഫിലിപ്പ്, തോമസ് തോമസ്, ജെസി കാനാട്ട്, ജോര്‍ജ് കൊട്ടാരം എന്നിവരെല്ലാം അനുശോചനം അറിയിച്ചു.

ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, തോമസ് തോമസിനെപ്പോലെ നിര്‍ലോഭമായി സഭയെ സ്നേഹിച്ചവര്‍ വളരെ വിരളമാണെന്നും സത്യം തുറന്നുപറയുകയും സീറോ മലബാര്‍ പള്ളികള്‍ ഉണ്ടാകുന്നതിനു മുമ്പ് അതിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും പറഞ്ഞു.

ഫോമ, ക്രിസ്ത്യന്‍ ഫോറം തുടങ്ങിയ പ്രസ്ഥാനങ്ങളിലും അതുപോലെതന്നെ 2010-ല്‍ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രകടനം നടത്തിയപ്പോഴുമെല്ലാം മുമ്പന്തിയില്‍ പ്രവര്‍ത്തിച്ച തോമസ് തോമസ് ഒരു തീരാനഷ്ടമാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇത്രമാത്രം ചങ്കൂറ്റമുള്ളവര്‍ ചെറുപ്പക്കാരുടെ ഇടയില്‍ പോലുമില്ലെന്നും ജെഎഫ്എയുടെ ഡയറക്ടര്‍മാരിലൊരാളും ഫോമ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ചുമതലയുള്ള തോമസ് ടി. ഉമ്മന്‍ പ്രത്യേകം പരാമര്‍ശിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ചെയര്‍മാനും കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്, ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച തോമസ് എം. തോമസ് തന്റെ ഉറ്റ സഹപ്രവര്‍ത്തകനായിരുന്നു എന്നുള്ള വിവരം പറയുകയും ചടങ്ങിന്റെ ആരംഭം മുതല്‍ അവസാനം വരെ കുടുംബാംഗങ്ങള്‍ക്കും, ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും സഹായഹസ്തങ്ങള്‍ നല്‍കുകയും ചെയ്തു.

അനിയന്‍ ജോര്‍ജ്, പോള്‍ കറുകപ്പിള്ളില്‍, സുനില്‍ ട്രൈസ്റാര്‍, ലൈസി അലക്സ്, ഇന്നസെന്റ് ഉലഹന്നാന്‍, ആനി പോള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര നേതാക്കള്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ജെ.എഫ്.എയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ തന്റെ അനുശോചന സന്ദേശത്തില്‍ തന്റെ വലംകൈ നഷ്ടപ്പെട്ടതിനു തുല്യമാണ് തോമസ് എം. തോമസിന്റെ വേര്‍പാടുമൂലം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം ഒരു യഥാര്‍ഥ സുഹൃത്തായിരുന്നുവെന്നും അത്തരത്തിലുള്ള ഒരു സുഹൃത്തിനെ നേടുന്നവന്‍ മില്യന്‍ ഡോളറിനേക്കാള്‍ വിലമതിക്കുന്ന സുഹൃത്തിന് ഉടമയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് എം.തോമസിന്റെ വിധവയായ ഗ്രേസിക്കും മക്കളായ മേരി ടെജീനയ്ക്കും, ടെജി തോമസിനും എല്ലാവിധ സഹകരണങ്ങളും വ്യക്തിപരമായും ജെ.എഫ്.എയുടെ നേതൃത്വത്തിലും നല്കാന്‍ തയാറെന്ന് അറിയിച്ചു.

ഫോമയിലെ മുതിര്‍ന്ന നേതാവായ എ.വി. വര്‍ഗീസ് തന്റെ സഹപാഠിയും സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ സുഹൃത്തിനെപ്പറ്റി അനുസ്മരിച്ചു.

യാക്കോബായ, ഓര്‍ത്തഡോക്സ്, പെന്തക്കോസ്ത് തുടങ്ങിയ സഭകളില്‍പ്പെട്ട വൈദീകരും, പാസ്റര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. പുത്തൂര്‍ക്കുടിലിലച്ചന്‍, ബാബു അച്ചന്‍, റവ.ഫാ. ജോ കാരിക്കുന്നേല്‍, വല്ലേലച്ചന്‍, ഫാ. ബാബു തെലാപ്പള്ളി എന്നിവരും പിന്റോ ഗ്ളോബല്‍ മീഡിയയെ പ്രതിനിധീകരിച്ച് ജോസ് പിന്റോ, സി.എന്‍.എല്ലിലെ സോവി ആഴാത്ത് എന്നിവരും വ്യൂവിംഗില്‍ പങ്കെടുത്തു.

ഐഎന്‍ഒസി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍, ജോസ് ചാരുംമൂട്, ഫോമാ മുന്‍ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്, ജോണ്‍ പോള്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ ജോര്‍ജ് തോമസ്, സ്റാന്‍ലി കളത്തില്‍ എന്നിവരും പങ്കെടുത്തു.

ഡോ. ആനി കോശിയുടെ നേതൃത്വത്തില്‍ തോമസ് എം. തോമസിന്റെ നാടായ എടത്വ നിവാസികളുടെ പ്രത്യേക പ്രാര്‍ത്ഥനയും അന്തിമോപചാരം അര്‍പ്പിക്കലുമുണ്ടായിരുന്നു. ജെ.എഫ്.എയുടെ അഡ്വൈസറി ബോര്‍ഡ് ചെയര്‍ വര്‍ഗീസ് മാത്യു, വൈസ് ചെയര്‍മാന്‍ ജോജോ തോമസ്, ഡയറക്ടര്‍ സണ്ണി പണിക്കര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപക നേതാവായ തോമസ് എം. തോമസിന്റെ നേതൃത്വത്തില്‍ അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആര്‍ട്സ് എന്ന ഒരു സ്ഥാപനം ന്യൂമില്‍ഫോര്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. അതിന്റെ പ്രവര്‍ത്തകരായ സെബാസ്റ്യന്‍ ജോസഫ്, ബോബി, അജു തര്യന്‍ എന്നിവരാണ് തോമസ് എം.തോമസിനും കുടുംബത്തിനും എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തുകൊടുത്തത്.

തോമസ് എം. തോമസിന്റെ സംസ്കാരം ചങ്ങനാശേരിക്കടുത്തുള്ള മലകുന്നം എന്ന സ്ഥലത്തുള്ള പൊടിപാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍ ജൂണ്‍ 28-ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

ജൂണ്‍ 26-ന് (വ്യാഴം) വൈകിട്ട് എയര്‍ ഇന്ത്യന്‍ ഫ്ളൈറ്റില്‍ നാട്ടിലേക്കു കൊണ്ടുപോകുന്നതും ശനിയാഴ്ച രാവിലെ ആറു മുതല്‍ ഏഴുവരെ എടത്വയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് എം. തോസിന്റെ ജ്യേഷ്ഠ സഹോദരന്‍ കുര്യാക്കോസ് ചെത്തിപ്പുരയ്ക്കലുമായി താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക: മൊബൈല്‍ 9495 533 4801, ലാന്‍ഡ് ഫോണ്‍: 0481 232 1890.

വസതിയിലിക്കുള്ള വഴി: കോട്ടയം- ചങ്ങനാശേരി എംസി റോഡില്‍ കുറിച്ചി ഔട്ട്പോസ്റ് ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ പോയി മിഷന്‍ പള്ളിക്കു തൊട്ടുമുമ്പ് ഇടത്തോട്ടുള്ളവഴി മലകുന്നം പൊടിപാറ ഹോളി ഫാമിലി ചര്‍ച്ചിലേക്കുള്ള വഴി. ഏകദേശം ഒരു കിലോമീറ്റര്‍. വീട്ടുപേര് ചെത്തിപ്പുരയ്ക്കല്‍. പള്ളിക്കു തൊട്ടടുത്താണ്. ജ്യേഷ്ഠ സഹോദരപുത്രന്‍ ജയിംസ്. തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം