ഫോമ സാഹിത്യപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
Thursday, June 26, 2014 4:16 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാഹിത്യപ്രവര്‍ത്തകരുടെ തെരഞ്ഞെടുത്ത കൃതികള്‍ക്ക് മലയാളസാഹിത്യ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുസ്തക രൂപത്തിലുളള സാഹിത്യ രചനകള്‍ക്കാണ് മുന്‍പ് പുരസ്കാരങ്ങള്‍ നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ വിവിധ ഭാഷാ സാഹിത്യ പ്രേമികളുടെ അഭ്യര്‍ഥനകളെ മാനിച്ച് ഓരോ സാഹിത്യ ശാഖയിലും ഒറ്റയായ രചനകള്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയായിരുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സ്വന്തം ശൈലി കൊണ്ട് സ്വന്തം തട്ടകം രൂപപ്പെടുത്തിയെടുത്ത ജോസ് കാടാപുറം എഴുതിയ അച്ഛനുറങ്ങാത്ത വീട് വീണ്ടും എന്ന ലേഖനത്തിനാണ് ഈ വിഭാഗത്തില്‍ പ്രഥമസ്ഥാനം. ഡോ. ലൂക്കോസ് മണ്ണിയോത്തിന്റെ വിജയത്തിന്റെ പോരാളികള്‍ ലേഖനവിഭാഗത്തില്‍ രണ്ടാമതെത്തി. എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, ഫാമിലി കൌണ്‍സിലര്‍, ലീഡര്‍ഷിപ്പ് ട്രെയ്നര്‍ തുടങ്ങി വിവിധ മേഖലകളില്‍ രാജ്യാന്തര പ്രശസ്തനാണ് ഡോ. ലൂക്കോസ് മണ്ണിയോത്ത്. പ്രശസ്ത മലയാള ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ തമ്പി ആന്റണി എഴുതിയ ഇടിച്ചക്ക പ്ളാമ്മൂട് പോലീസ് സ്റ്റേഷന്‍ എന്ന കൃതിയാണ് നാടകവിഭാഗത്തില്‍ ഒന്നാമതെത്തിയത്. കവി, സിനിമ നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിനൊപ്പം തന്നെ തമ്പി ആന്റണിയുടെ നാടക രചനയ്ക്കും അര്‍ഹിക്കുന്ന അംഗീകാരമായി.

പ്രവാസത്തിന്റെ ഗൃഹാതുരതയും കാല്‍പ്പനികതയുടെ സൌന്ദര്യബോധവും പിണഞ്ഞു ചേര്‍ന്ന കവിതയായ ഇണനാഗങ്ങള്‍ എന്ന കവിതയ്ക്കാണ് കവിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ സജീവ അംഗം കൂടിയായ സോയാ നായര്‍ എഴുതിയ ഈ കവിതസമാഹാരത്തിന് പുറമേ ഗീത രാജന്റെ നീയും ഞാനും, നമ്മള്‍ എന്ന കവിത സമാഹാരവും മീട്ടു ആര്‍ കലാമന്റെ എന്റെ പ്രണയം എന്ന കവിതയും രണ്ടാം സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തു. മോഹസാന്ദ്രതകളുടെ വേറിട്ട അനുഭവമാണ് ഗീത രാജന്റെ കവിതയെങ്കില്‍ മീട്ടുവിന്റെ വരികളില്‍ പ്രണയത്തിന്റെ അക്ഷയഭാവമാണ് പൂവിട്ടു നില്‍ക്കുന്നതെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ആസ്വാദനത്തിന്റെ പൂമുഖത്ത് സ്വന്തം കാവ്യനിലാവൊഴുക്കാന്‍ എഴുത്തുകാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കവിതകള്‍ മലയാളത്തിന്റെ വേറിട്ട കാവ്യഭംഗി പ്രവാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.

പ്രശസ്ത പ്രവാസി നോവലിസ്റ്റ് ആന്‍ഡ്രൂ പാപ്പച്ചന്റെ തലമുറകളെ തേടി എന്ന കൃതിക്കാണ് നോവല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ആന്‍ഡ്രൂ പാപ്പച്ചന്റെ ഏറ്റവും പുതിയ കൃതിയാണ് തലമുറകളെ തേടി. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ജോര്‍ജ് തുമ്പയിലിന്റെ ദേശാന്തരങ്ങള്‍ സഞ്ചാരസാഹിത്യത്തില്‍ പകരക്കാരില്ലാതെ മുന്നിലെത്തി. അമേരിക്കന്‍ പ്രവാസികളെ ത്രസിപ്പിക്കുന്ന വിധത്തില്‍ കേരളത്തിന്റെ കാണാക്കാഴ്ചകള്‍ പങ്കുവയ്ക്കുന്ന പ്രകൃതിയുടെ നിഴലുകള്‍ തേടി എന്ന കേരളീയ യാത്രാവിവരണം മലയാളംപത്രത്തിലും, ഇ-മലയാളി വെബ്സൈറ്റിലും തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു. ജന്മഭൂമിയുടെ വേരുകള്‍ തേടി, സമയരഥമുരുളുന്ന പുണ്യഭൂമി, എം.ടി: ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്, ഭൂമിക്കുമപ്പുറത്ത് നിന്ന് എന്നീ കൃതികള്‍ ജോര്‍ജ് തുമ്പയിലിന്റേതായി പുറത്തു വന്നിട്ടുണ്ട്.

പ്രമുഖ ചെറുകഥാകൃത്ത് ബാബു തോമസ് തെക്കേക്കരയുടെ യാത്ര എന്ന ചെറുകഥയും സമാനതകളില്ലാത്ത സമ്മാനത്തിനര്‍ഹമായി. അനിത പണിക്കര്‍ രചിച്ച സര്‍പ്പഗന്ധികള്‍ എന്ന ചെറുകഥയ്ക്കാണ് രണ്ടാം സ്ഥാനം. ചെറുകഥ സമാഹാരം വിഭാഗത്തില്‍ സാംസി കൊടുമണ്‍ എഴുതിയ ഇസ്മായിലിന്റെ സങ്കീര്‍ത്തനം എന്ന കൃതി ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സമ്മാനത്തിന് കോശി മലയിലിന്റെ മുയല്‍പ്പാടുകള്‍ എന്ന കഥാസമാഹാരം സ്വന്തമാക്കി.

സാഹിത്യ സെമിനാര്‍ അവാര്‍ഡ് കമ്മിറ്റിയില്‍ പ്രിന്‍സ് മര്‍ക്കോസ്, എബ്രഹാം തെക്കേമുറി, നീനാ പനക്കല്‍, റിനി മാമ്പലം, എ. സി. ജോര്‍ജ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പ്രിന്‍സ് മര്‍ക്കോസ്