വിമന്‍സ് ഫോറത്തിന്റെ ക്നാനായ മന്നന്‍, മങ്ക മത്സരത്തിനായി കണ്‍വന്‍ഷന്‍ സെന്റര്‍ ഒരുങ്ങി
Thursday, June 26, 2014 4:15 AM IST
ഷിക്കാഗോ: ജൂലൈ ആദ്യവാരം മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന ക്നാനായ കണ്‍വന്‍ഷനില്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വൈവിദ്ധ്യമാര്‍ന്ന വിവിധ പരിപാടികള്‍ അരങ്ങേറുന്നു. ജൂലൈ 5-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രധാന സ്റേജില്‍ വച്ചുനടക്കുന്ന ക്നാനായ മന്നന്‍ & മങ്ക മത്സരം ഇതിനോടകം തന്നെ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നു. വടക്കേ അമേരിക്കയിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും ക്നാനായ മന്നന്‍ & മങ്ക മത്സരത്തില്‍ പങ്കെടുക്കുവാന്‍ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഈ മത്സരം രസകരവും വിജ്ഞാനപ്രദവുമായ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ ഒന്നാം സമ്മാനത്തിനര്‍ഹരാകുന്നവര്‍ക്ക് 1000 ഡോളറും 2-ാം സമ്മാനാര്‍ഹരാകുന്നവര്‍ക്ക് 500 ഡോളറും മൂന്നാം സമ്മാനാര്‍ഹരാകുന്നവര്‍ക്ക് 300 ഡോളറും സമ്മാനമായി ലഭിക്കുന്നതാണ്.

കണ്‍വന്‍ഷന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന ക്നാനായ മന്നന്‍ മത്സരവും എല്ലാവര്‍ഷവും വളരെയധികം രസകരമായി നടത്തുന്ന ക്നാനായ മങ്ക മത്സരവും ഇത്തവണ ഏറ്റവും മനോഹരവും കാണികള്‍ക്ക് രസകരവും ആകുന്നതരത്തില്‍ വര്‍ണ്ണശബളമാക്കുന്ന തയ്യാറെടുപ്പിലാണ് കെ.സി.സി.എന്‍.എ. വിമന്‍സ് ഫോറമെന്ന് പ്രസിഡന്റ് മീര ഉറുമ്പേത്ത്, വൈസ് പ്രസിഡന്റ് ചിന്നു തോട്ടം, സെക്രട്ടറി ജയ്മോള്‍ പീടികയില്‍, ജോ.സെക്രട്ടറി ഷൈബി ചെറുകര, ട്രഷറര്‍ ജിജി കല്ലേമുകള്‍, ജോയിന്റ് ട്രഷറര്‍ ബീന തത്തന്‍കിണറ്റുകരയില്‍ എന്നിവര്‍ അറിയിച്ചു.

ഇതുകൂടാതെ കുടുംബ ജീവിതത്തിന്റെ വിവിധവശങ്ങളെ ആസ്പദമാക്കി, ഫാമിലി സെമിനാറുകള്‍, ചര്‍ച്ചാക്ളാസ്സുകള്‍, രസകരമായ വിവിധ മത്സരങ്ങള്‍, സ്ത്രീകള്‍ക്കുമാത്രമായുള്ള പരിപാടികള്‍ തുടങ്ങിയവകൊണ്ട് കണ്‍വന്‍ ദിനങ്ങളെ അലങ്കരിക്കുവാനായി വിവിധ പ്രവര്‍ത്തനങ്ങളാണ് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിപാടികളുടെ കോര്‍ഡിനേറ്റേഴ്സായ ഗ്രേസി വാച്ചാച്ചിറ, ജിഷ ചാരാത്ത്, എല്‍സ കോട്ടൂര്‍, ഷീബ ചെറുശ്ശേരില്‍, ഷീബ പുറയംപള്ളിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ പരിപാടികളുടെ നടത്തിപ്പിനായി വളരെ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് വിമന്‍സ്ഫോറം സെക്രട്ടറി ജയ്മോള്‍ പീടികയില്‍ അറിയിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍