'വിദ്യാജ്യോതി' മലയാളം സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Wednesday, June 25, 2014 8:22 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ നടത്തിവരുന്ന 'വിദ്യാജ്യോതി' മലയാളം സ്കൂളിന്റെ 2013-14 -ലെ വാര്‍ഷികം വിപുലമായ പരിപാടികളോടെ ജൂണ്‍ 13-ന് (വെള്ളി) ന്യൂസിറ്റിയിലെ സുക്കൂര്‍ കമ്യൂണിറ്റി സെന്ററിന്റെ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. വൈകിട്ട് ഏഴിന് ആരംഭിച്ച പരിപാടികള്‍ സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യുവിന്റേയും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മഞ്ജു മാത്യുവിന്റേയും ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ സദസിനെ സ്വാഗതം ചെയ്തു.

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തിലിന്റെ പ്രസംഗത്തില്‍ സ്കൂള്‍ ഭാരവാഹികളേയും അധ്യാപകരേയും വോളന്റിയേഴ്സിനേയും കുട്ടികളുടെ മാതാപിതാക്കളേയും അഭിനന്ദിക്കുകയും സ്കൂളിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനത്തിന് എല്ലാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

മുഖ്യാതിഥി ഡോ. ഗോപിനാഥ് വിദ്യാസാഗര്‍ ആര്‍ഷഭാരത സംസ്കാരത്തെക്കുറിച്ച് വളരെ ഗഹനമായി വിശദീകരിക്കുകയും നമ്മുടെ സംസ്കാരത്തിന്റെ പ്രസക്തിയും പ്രാധാന്യവും സദസിനെ മനസിലാക്കിക്കൊടുക്കുകയും ചെയ്തു.

ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ കുര്യാക്കോസ് തര്യന്‍, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഹില്‍ബേണ്‍ മാര്‍ത്തോമ പള്ളി ഇടവക വികാരി ജോ ജോണ്‍ അച്ചന്‍, ട്രഷറര്‍ മത്തായി പി. ദാസ്, ജോയിന്റ് സെക്രട്ടറി അലക്സ് ഏബ്രഹാം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

മുന്‍ വിദ്യാര്‍ഥികളായ എലിസബത്ത് കളപ്പുരയുടെ ഡാന്‍സും വെസ്ലി കളപ്പുരയുടേയും റോബര്‍ട്ട് പറമ്പിയുടേയും ഗാനങ്ങളും മലയാളം സ്കൂള്‍ കുട്ടികളുടെ ഡാന്‍സുകളും പാട്ടുകളും പരിപാടികള്‍ക്ക് കൊഴുപ്പേകി.

സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ, വൈസ് പ്രിന്‍സിപ്പല്‍ മറിയാമ്മ നൈനാന്‍, കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു, അധ്യാപകരായ മഞ്ജു മാത്യു, ജോജോ ജയിംസ്, ജോ മാത്യു, വോളന്റിയേഴ്സായ വെസ്ലി കളപ്പുരയ്ക്കല്‍, ആല്‍ബര്‍ട്ട് പറമ്പി, പ്രസിഡന്റ് ഇലക്ട് ഷാജിമോന്‍ വെട്ടം, അജിന്‍ ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മലയാളം സ്കൂളില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയ സാലി നൈനാനും സാന്ദ്രാ ജോജോയ്ക്കും പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 2013 -14 സ്കൂള്‍ വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ സ്ഥാപക നേതാക്കളിലെ ഒരംഗവും മൂന്നാമത്തെ പ്രസിഡന്റുമായിരുന്ന ജോസഫ് ഇല്ലിപ്പറമ്പിലിന്റേയും ഭാര്യ ഏലമ്മ ജോസഫിന്റേയും 47-മത് വിവാഹ വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ മറിയാമ്മ നൈനാന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് സ്നേഹവിരുന്നോടെയും ദേശീയ ഗാനാലാപനത്തോടെയും രാത്രി 10.30-ഓടെ പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം