ആരാധന വിശ്വാസത്തിന്റെ ആഘോഷമാകണം: മാര്‍ തിയഡോഷ്യസ്
Wednesday, June 25, 2014 8:17 AM IST
ഡാളസ്: ഒരു വിശ്വാസി ദേവാലയത്തില്‍ വരുന്നത് ദൈവത്തെ അനുഭവിക്കുന്നതിനായിരിക്കണം. ദൈവം ഒരുവനെ ശുദ്ധീകരിച്ച് വേര്‍തിരിക്കുന്നത് ലോകത്തില്‍ ദൈവത്തിന്റെ ദൌത്യം നിറവേറ്റുന്നതിനായിട്ടാണ്. ഇടം ലഭിക്കാതിരുന്ന യേശു ഇടമില്ലാത്തവന് ഇടം നല്‍കുന്ന സുവിശേഷം ഘോഷിച്ചു. യേശുവിന്റെ ഉപദേശം കേള്‍ക്കുന്ന നാല് ആളുകള്‍ സമൂഹത്തില്‍നിന്നു തള്ളപ്പെട്ട പക്ഷവാതക്കാരന് യേശുവിന്റെ മുമ്പില്‍ ഇടം നല്‍കി. യേശു പക്ഷവാതക്കാരന്റെ പാപം മോചിച്ചു നല്‍കി. കരാറുകള്‍ കൂടാതെ ക്ഷമിക്കുവാനും മറക്കുവാനും സാധ്യതകള്‍ നഷ്ടപ്പെട്ടവനെ സാധ്യതകളിലേക്ക് നയിപ്പാനും ഉള്ള ആഹ്വാനം നല്‍കി. സൌക്യം പ്രാപിച്ച് കിടക്ക എടുത്ത് വീട്ടിലേക്ക് പോയ പക്ഷവാതക്കാരന്‍ സുവിശേഷം പരത്തി. ഒരു വിശ്വാസി സഹജരെ സാധ്യതകളിലേക്ക് കരാറുകള്‍ കൂടാതെ നയിക്കുവാന്‍ തയാറാകണം. ആരാധന വിശ്വാസത്തിന്റെ ആഘോഷമാകണം. ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ആരാധനയില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു മാര്‍ തിയഡോഷ്യസ്.

ഇടവകയില്‍ 12 വയസ് പൂര്‍ത്തീകരിച്ച സാറ, സ്റീഫന്‍, ഏബല്‍, മേഘന്‍ എന്നിവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കി സഭയുടെ പൂര്‍ണ അംഗത്വത്തിലേക്ക് പ്രവേശിപ്പിച്ചു. കൂടാതെ ഓള്‍ട്ടര്‍ ബോയ്സ് എബി, ജോഷ്യാ, സാം, കവനന്റ് ഗേള്‍, ലിന്‍സ എന്നിവരുടെ സമര്‍പ്പണ ശുശ്രൂഷ നടത്തിയതും ആത്മീയാനുഗ്രഹത്തിന് നിദാനമായി.

പരിസ്ഥിതി അവബോധം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച് ഗോ ഗ്രീന്‍ പ്രോജക്ടിന്റെ പ്രചരണാര്‍ഥം പള്ളിമുറ്റത്ത് വൃക്ഷതൈ നട്ട് ഡാളസില്‍ തുടക്കം കുറിച്ചു.

ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയ ആതിഥേയ ടീമായ മാര്‍ത്തോമ ചര്‍ച്ച് ഡാളസ് കരോള്‍ട്ടനെ ആരാധന മധ്യേ അനുഗ്രഹിച്ചതും വേറിട്ട അനുഭവമായി.

റവ. സാം മാത്യു, തോമസ് ഏബ്രഹാം, ബായി ഏബ്രഹാം, സന്തോഷ് ചാക്കോ, ജൂബി അലക്സാണ്ടര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷാജി രാമപുരം