'വിശുദ്ധ റമദാന്റെ പവിത്രത ഉള്‍ക്കൊള്ളുക'
Wednesday, June 25, 2014 8:13 AM IST
റിയാദ്: വിശുദ്ധ റമദാന്റെ പവിത്രത ഉള്‍ക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുവാന്‍ ഓരോ വിശ്വാസിയും തയാറാകണമെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദുള്‍റഹ്മാന്‍ ഹുദവി ആവശ്യപ്പെട്ടു. 

ഒരു മാസം നീളുന്ന വ്രതശുദ്ധിയുടെ ദിനരാത്രങ്ങളെ പ്രാര്‍ഥനാ നിര്‍ഭരമാക്കി ജീവിത വിജയം കൈവരിക്കാന്‍ നമുക്ക് കഴിയണം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് കര്‍മ്മങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുകയും അവ യഥാവിധി നിര്‍വഹിക്കുകയും വേണം.  ഖുര്‍ആന്‍ പാരായണത്തിലൂടെയും നമസ്കാരത്തിലൂടെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ നാം ശ്രമിക്കണം. ഇതുവഴി മനസും ശരീരവും സ്ഫുടം ചെയ്തെടുക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'അഹ്ലന്‍ റമദാന്‍' പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഷിഫാ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി എം.മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ കെഎംസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട്, സി.കെ ഹംസക്കോയ, ഹനീഫ നീലാട്ടിയില്‍, ഷറഫുദ്ദീന്‍ മണ്ണൂര്‍, റാഫി ബേപ്പൂര്‍, വി.പി അഷ്റഫ് രാമനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു. റിയാദ് ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുസമദിന് ചടങ്ങില്‍ സ്വീകരണം നല്‍കി. കമ്മിറ്റിക്ക് വേണ്ടി അബ്ദുള്‍ റഹ്മാന്‍ ഫറോക്ക് ഹാരാര്‍പ്പണം നടത്തി. കമ്മിറ്റിയുടെ സര്‍പ്രൈസ് ഗിഫ്റ്റ് ജാഫറിന്, അക്ബര്‍ വേങ്ങാട്ട് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞോയി കോടമ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍