ഫിലിപ്പോസ് ഫിലിപ്പ്: ഫൊക്കാനയുടെ കരുത്തനായ ജനറല്‍സെക്രട്ടറി സാരഥി
Wednesday, June 25, 2014 8:11 AM IST
ന്യൂയോര്‍ക്ക്: 2014-16 ലേക്കുള്ള ഫൊക്കാനയുടെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പേര് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ നിര്‍ദേശിച്ചു. ന്യൂയോര്‍ക്കിലെയും കാനഡയിലെയും വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ചു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കര്‍മ്മകുശലനാണ് ഫിലിപ്പോസ് ഫിലിപ്പ്. അദ്ദേഹത്തെപ്പോലൊരാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ അതു ഫൊക്കാനയ്ക്ക് മാത്രമല്ല അമേരിക്കന്‍ മലയാളികള്‍ക്കും മുതല്‍ക്കൂട്ടാകും. 2010ല്‍ ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നടന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ചെയര്‍മാന്‍, കൊല്ലം ടി.കെ.എം എന്‍ജിനിയറിംഗ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിടണ്ട്, ചെയര്‍മാന്‍, ചീഫ് എഡിറ്റര്‍, കേരള എന്‍ജിനിയറിഗ് കോളജ് അസോസിയേഷന്‍ പ്രസിഡന്റ്, റോക്കലാന്‍ഡ് ജോയിന്റ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സംഘടനാപാടവം തെളിയിച്ചിട്ടുള്ളയാളാണ് ഫിലിപ്പോസ് ഫിലിപ്പ്.

എന്‍ജിനിയര്‍, മികച്ച വാഗ്മി തുടങ്ങി പല നേട്ടങ്ങളുടെ ഉടമയാണ് ഈ അടൂര്‍ സ്വദേശി. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റന്റ് എന്‍ജിനിയറായിരിക്കെ 1989ല്‍ യുഎസിലേക്ക് കുടിയേറിയ ഫിലിപ്പോസ് ഫിലിപ്പിന്റെ ആദ്യനടപടികളിലൊന്ന് ഹഡ്സണ്‍വാലി മലയാളി അസോസിയേഷനില്‍ അംഗത്വമെടുക്കുക എന്നതായിരുന്നു.

അസോസിയേഷനില്‍ പ്രസിഡന്റ് പദം അടക്കം വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു. കേരളാ എന്‍ജിനിയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ് അമേരിക്കയുടെ സ്ഥാപക സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ ഉന്നതാധികാര സമിതിയായ സഭാ മാനേജിംഗ് കമ്മിറ്റിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ച ഫിലിപ്പോസ് ഇപ്പോള്‍ നോര്‍ത്ത് ഈസ്റ് ഡയോസിസ് കൌണ്‍സില്‍ അംഗവും ഫൊക്കാന നാഷണല്‍ കമ്മിറ്റിയംഗവുമാണ്. കൂടാതെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പബ്ളിക് എംപ്ളോയീസ് ഫെഡറേഷന്റെ ഡിവിഷന്‍ 312ന്റെ സെക്രട്ടറിയും.

ഫൊക്കാന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഫോമയും നടത്തുന്നത്. ഓരോ സാരഥിയും ഓരോ പുതിയ പദ്ധതി കൊണ്ടുവന്നു. ഭാഷയ്ക്കൊരു ഡോളര്‍, കേരളത്തിലേക്ക് മെഡിക്കല്‍ സപ്ളൈസ് അയച്ചത്, കാന്‍സര്‍ പ്രൊജക്ട്, ജില്ലയ്ക്കൊരു കാല്‍ തുടങ്ങിയവ. കൂടാതെ വീസ, ഒസിഐ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു.

അടുത്ത പ്രസിഡന്റ് കാനഡയില്‍ നിന്ന് ആകുന്നതുകൊണ്ട് പ്രശ്നമൊന്നും വരാനില്ല. രണ്ടു രാജ്യങ്ങളിലും രണ്ടുതരം പ്രശ്നങ്ങളുണ്െടങ്കിലും പ്രവാസികള്‍ എന്ന നിലയില്‍ ഒരേതൂവല്‍ പക്ഷികളാണ് നാം. ഇവിടുത്തെ പ്രശ്നങ്ങള്‍ നോക്കാന്‍ ഇവിടെ നേതാക്കളുണ്ടല്ലോ.

കീന്‍ 40 എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സ്കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. മുമ്പ് ഫൊക്കാനയും എസ്എടിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരെ ആദരിച്ചിരുന്നു.

ഒച്ചപ്പാടൊന്നുമില്ലെങ്കിലും ഷിക്കാഗോ കണ്‍വന്‍ഷന്‍ അവിസ്മരണീയമായ അനുഭവമായിരിക്കുമെന്ന് ഫിലിപ്പോസ് പറഞ്ഞു. മികച്ച പ്രോഗ്രാമുകളാണ് ഒരുങ്ങുന്നത്.

സംഘടനാ നേതൃത്വത്തില്‍ വരുന്നവര്‍ സമയവും കുറച്ചൊക്കെ പണവും വ്യയം ചെയ്യാന്‍ തയാറുള്ളവരായിരിക്കണം. അല്ലെങ്കില്‍ സംഘടന ശുഷ്കമായിപ്പോകും. താന്‍ നേതൃത്വത്തില്‍ വന്നാല്‍ ഇപ്പോഴത്തെ നല്ല പദ്ധതികളൊക്കെ തുടരും. പുതിയവ ആവിഷ്കരിക്കും. എംബസി കോണ്‍സുലേറ്റുകളുമായി നിരന്തര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. അധികൃതര്‍ സംഘടനാ നേതാക്കളുമായി ഇടയ്ക്ക് ആശയവിനിമയം നടത്തിയാല്‍ തന്നെ പല പ്രശ്നങ്ങളും തീരും. അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാനുള്ള വേദിയൊരുക്കുകയാണ് മറ്റൊന്ന്. അതിനു യുവതലമുറയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

യുവജനതയ്ക്കായി സെമിനാറുകളും ജോബ് ഫെയറുമൊക്കെ അത്യാവശ്യമാണ്. കീന്‍ വഴി പലരും ജോലി സമ്പാദിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ചെയ്യാന്‍ ഫൊക്കനയ്ക്കാകും.പ്രവാസി പ്രശ്നങ്ങളെ നേരിടാന്‍ മുന്‍നിരയിലുണ്ടാകുമെന്ന് ഫിലിപ്പോസ് ഉറപ്പു പറയുന്നു. ഒളിച്ചോടിയതുകൊണ്ട് കാര്യമില്ല.

ഫൊക്കാന പല കാര്യങ്ങളിലും മാതൃക കാട്ടിയത് ഫിലിപ്പോസ് എടുത്തുപറഞ്ഞു. യുവാവിനെ ജനറല്‍ സെക്രട്ടറിയും വനിതയെ പ്രസിഡന്റും ആക്കിയതു തന്നെ തെളിവ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഫൊക്കാനാ നേതൃത്വത്തില്‍ സ്ഥാനമുണ്ട് എന്നതും ശ്രദ്ധേയം. വെറുതെയല്ല കേരളത്തില്‍ പരീക്ഷയ്ക്ക് വരെ ഫൊക്കാനയെപ്പറ്റി ചോദ്യം വരുന്നത്. അതില്‍ താന്‍ അഭിമാനം കൊള്ളുന്നു.

ബ്രൂക്ക്ലിനിലെ പോളിടെക്നിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് അലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള ഫിലിപ്പോസ് ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ പബ്ളിക് സര്‍വീസ് കമ്മീഷനില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ ലിസി സ്റ്റേറ്റില്‍ പ്രൊഫഷണല്‍ എന്‍ജിനിയര്‍. രണ്ടു പുത്രന്മാര്‍. ഒരാള്‍ എന്‍ജിനിയറും ഒരാള്‍ ഡോക്ടറും

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ സഭാമാനേജിഗ് കമ്മറ്റിമെമ്പര്‍, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കൌെണ്‍സില്‍ അംഗം എന്നീ നിലകളില്‍ എന്നീ നിലകളിലും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റു പ്രവര്‍ത്തകരോടൊപ്പം താങ്ങുംതണലുമായി നിന്ന് ദേശവ്യാപകമായി സഞ്ചരിക്കുകയും സംഘടനയെ വളര്‍ത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തിട്ടുള്ള വ്യക്തിപ്രഭാവനാണ് ഫിലിപ്പോസ് ഫിലിപ്പ്.

ന്യൂയോര്‍ക്കിലെയും കാനഡയിലെയും വിവിധ മലയാളിഅസോസിയേഷന്‍ ഭാരവാഹികള്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ചു. ടൊറന്റോ മലയാളി സമാജം, ഹാമില്‍റ്റണ്‍ മാലയാളി സമാജം, മിസിസോഗ കേരള അസോസിയേഷന്‍, ബ്രാംപ്റ്റണ്‍ മലയാളി സമാജം, നയാഗ്രാ മലയാളി അസോസിയേഷന്‍ എന്നീ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയതായി ടൊറന്റൊ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫൊക്കാന ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ജോണ്‍ പി. ജോണ്‍ അറിയിച്ചു. സംഘടനകളെ പ്രതിനിധീകരിച്ച് ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് ടോമി കൊക്കാട്ട്, ഹാമില്‍റ്റണ്‍ മാലയാളി സമാജം പ്രസിഡന്റ് സോണി പൌലോസ്, മിസിസോഗ കേരള അസോസിയേഷന്‍ പ്രസിഡന്റ് മേഴ്സി ഇലഞ്ഞിക്കല്‍, ബ്രാംപ്റ്റണ്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, നയാഗ്രാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബൈജു ജോര്‍ജ് എന്നിവര്‍ സന്നിഹതരായിരുന്നു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം