റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ മൃതദേഹങ്ങള്‍ മുംബെയില്‍ കുടുങ്ങി
Wednesday, June 25, 2014 7:13 AM IST
റിയാദ്: റിയാദില്‍ നിന്നും ബുധനാഴ്ച്ച രാവിലെ നാലിന് സൌദി എയര്‍ലൈന്‍സില്‍ മുംബൈയിലെത്തിച്ച രണ്ട് മലയാളിയുടെ മൃതദേഹം കണക്ടഡ് ഫ്ളൈറ്റായ ജെറ്റ് എയര്‍ലൈന്‍സിന്റെ അനാസ്ഥകാരണം മുംബെയില്‍ കുടുങ്ങി.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ നിരാശരായി എയര്‍പോര്‍ട്ടില്‍ ബഹളം സൃഷ്ടിച്ചു. ഹൃദയാഘാതംമൂലം മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സുഭാഷ് ചന്ദ്രന്‍ (53), ജോലിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പിന്നീട് മരിച്ച വര്‍ക്കല ഇടവ സ്വദേശി ബാബു നാരായണന്‍ (59) എന്നിവരുടെ മൃതദേഹങ്ങളാണ് മുംബെയില്‍ കുടുങ്ങിയത്.

മൃതദേഹങ്ങളെ അനുഗമിച്ചിരുന്ന നാസര്‍, സാം എന്നിവര്‍ തിരുവനന്തപുരത്ത് എത്തിയശേഷമാണ് മൃതദേഹം മുബൈയില്‍ കുരുങ്ങിയത് അറിയുന്നത്. മുബൈയില്‍വച്ച് ജെറ്റ് അധികൃതരോട് അന്വേഷിച്ചപ്പോള്‍ ബോഡി ലഗേജുകള്‍ക്കൊപ്പം അതേ ഫ്ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിച്ചതെന്ന് അനുഗമിച്ചവര്‍ പറയുന്നു.

വര്‍ക്കല, ഇടവ - മരക്കട മുക്ക് സ്വദേശിയായ ബാബു നാരായണന്‍ (59) മുര്‍സലാത്തില്‍ പെയിന്റിംഗ് ജോലിക്കിടയില്‍ മൂന്നാം നിലയില്‍നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുമേസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒരാഴ്ച്ച ഐസിയുവില്‍ കിടന്നശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബാബുവിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണുള്ളത്. റിയാദില്‍ എസി ടെക്നീഷ്യനായിരുന്ന സുഭാഷ് ചന്ദ്രന് ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലാസ് നാഷണല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഭാഷ് ചന്ദ്രനും ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.

മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയാത്തതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ജെറ്റ് അധികൃതര്‍ തയാറായില്ലെങ്കിലും അടുത്ത ദിവസം എത്തിക്കാമെന്ന് ഉറപ്പു നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.