കുവൈറ്റ് എന്‍ജിനിയേഴ്സ് ഫോറത്തിന്റെ രജതജൂബിലി പരിപാടികള്‍ക്ക് ആരംഭമായി
Wednesday, June 25, 2014 7:12 AM IST
കുവൈറ്റ്: കുവൈറ്റിലെ എന്‍ജിനിയര്‍മാരുടെ പ്രമുഖ സംഘടനയായ കെഇഎഫ് (കുവൈറ്റ് എന്‍ജിനിയേഴ്സ് ഫോറം) അതിന്റെ പ്രവര്‍ത്തനമാരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കേരളത്തിലെ വിവിധ എന്‍ജിനിയറിംഗ് കോളജ് അലൂമ്നി അസോസിയേഷനുകളുടെയും കേരളീയരായ എന്‍ജിനിയര്‍മാരുടെ അലൂമ്നിയുടെയും സംയുക്ത സംഘടനയായ കെഇഎഫ് അതിന്റെ സില്‍വര്‍ ജൂബിലി വിഷയത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരിപാടികളുടെ ഭാഗമായി ജൂണ്‍ 27ന് കലാ-കരകൌശല ഇനങ്ങളില്‍ പ്രായോഗിക പരിശീലനം ആരംഭിക്കുന്നു. അബുഹലീഫയിലെ ലത്തീഫ ടവര്‍ ഹാളില്‍ കെഇഎഫ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുംവേണ്ടി പരിശീലന കളരികള്‍ നയിക്കുന്നത് സംഘടനയില്‍നിന്നുള്ള വിദഗ്ധരാണ്. ആദ്യമായാണ് കെഇഎഫ് ഇത്തരം ഒരു സംരംഭം അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായ വെള്ളിയാഴ്ചകളില്‍ പെയിന്റിംഗ്, ഗ്ളാസ് പെയിന്റിംഗ്, എംബ്രോയ്ഡറി, വെജിറ്റബിള്‍, കാര്‍വിംഗ്, മ്യൂറല്‍ പെയിന്റിംഗ്, ഓറിഗാമി, ബേക്കിംഗ്, ഫാന്‍സി ആഭരണ നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ സന്തോഷ് കുമാറും, ആര്‍ട്സ് കണ്‍വീനര്‍ സഞ്ജയ് ചെറിയാനും നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്