ജയിലുകളിലുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വദേശി അഭിഭാഷകന്റെ സേവനം ലഭ്യമാകും: സിബി ജോര്‍ജ്
Wednesday, June 25, 2014 7:11 AM IST
റിയാദ്: വേണ്ടത്ര നിയമസഹായം ലഭ്യമല്ലാതെ സൌദി ജയിലുകളില്‍ കഴിയേണ്ടി വരുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആവശ്യമായ നിയമപരിരക്ഷ ലഭ്യമാക്കുന്നതിനാണ് ഇന്ത്യന്‍ എംബസിയില്‍ സ്വദേശി അഭിഭാഷകന്റെ സേവനം ഏര്‍പ്പെടുത്തുന്നതെന്ന് ഡപ്യൂട്ടി ചിഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത തിങ്കളാഴ്ച മുതല്‍ ആഴ്ചയില്‍ ഒരു ദിവസമായിരിക്കും സ്വദേശി അഭിഭാഷകന്‍ എംബസിയില്‍ സേവനത്തിനെത്തുന്നത്.

സൌദി അറേബ്യയിലെ പ്രമുഖരായ ഡോ. അബ്ദുള്ള അല്‍ അസാസ് ലോ ഫേം എന്ന സ്ഥാപനവുമായാണ് ഇന്ത്യന്‍ എംബസി കരാറിലെത്തിയിരിക്കുന്നത്. രണ്ട് പേരടങ്ങുന്ന അഭിഭാഷകരുടെ ഒരു ബെഞ്ച് തുടക്കത്തില്‍ എംബസി നല്‍കുന്ന കേസുകള്‍ പ്രാധാന്യമനുസരിച്ച് കൈകാര്യം ചെയ്യും. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെ അഭിഭാഷകന്‍ എംബസിയുടെ ഡ്യൂട്ടിയിലുണ്ടാകും. എംബസി സാമൂഹ്യ ക്ഷേമവിഭാഗത്തില്‍ നിന്നും നല്‍കുന്ന കേസുകള്‍ പഠിച്ചശേഷം ജയിലുകളും കോടതികളും സന്ദര്‍ശിച്ച് കേസില്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കും.

ആദ്യഘട്ടമെന്ന നിലയില്‍ തീര്‍പ്പാകാതെ കിടക്കുന്ന 30 കേസുകളാണ് ഇന്ത്യന്‍ എംബസി അഭിഭാഷകനെ ഏല്‍പ്പിക്കുന്നത്. തൊഴില്‍ തര്‍ക്കങ്ങളടക്കമുള്ള കേസുകളാണ് ഇതില്‍ അധികവും. വ്യക്തിപരമായ ക്രിമിനല്‍ കേസുകളുമുണ്ട്. ഇത് കൂടാതെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേനയും വ്യക്തികള്‍ നേരിട്ടും സാമൂഹ്യക്ഷേമ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും അഭിഭാഷകന്റെ പരിഗണനക്ക് വിടുമെന്നും ഡി.സി.എം അറിയിച്ചു. എംബസിയിലെത്തുന്ന പരാതിയുമായെത്തുന്നവര്‍ക്ക് എംബസി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകനുമായി നേരിട്ട് സംസാരിക്കാവുന്നതാണ്.

എംബസി ഏല്‍പ്പിക്കുന്ന കേസുകളുടെ പുരോഗതി അതത് സമയങ്ങളില്‍ നിയമ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ എംബസിയെ രേഖാമൂലം അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സൌദിയിലെ തൊഴില്‍ നിയമങ്ങളോ രാജ്യത്തിന്റെ സുരക്ഷാനിയമങ്ങളോ ലംഘിക്കാതെ ഇന്ത്യക്കാരുള്‍പ്പെട്ട മുഴുവന്‍ കേസുകളിലും ഇടപെട്ട് അവയ്ക്ക് പരമാവധി നീതി കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് ഇതിലൂടെ എംബസി ലക്ഷ്യമിടുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവുവിന്റെ പ്രത്യേക താത്പര്യം മൂലമാണ് ഇങ്ങനെയൊരു തീരുമാനം പെട്ടെന്ന് നടപ്പിലായതെന്നും സിബി ജോര്‍ജ് പറഞ്ഞു.

ജയിലിലുള്ള ഇന്ത്യക്കാരുടെ കേസുകളല്ലാതെ മരണാനന്തര ആനുകൂല്യങ്ങള്‍ അവകാശികള്‍ക്ക് ലഭ്യമാക്കുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനും നഷ്ടപരിഹാരങ്ങള്‍ നേടിക്കൊടുക്കുന്നതിനും അഭിഭാഷകന്റെ സേവനം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. ലേബര്‍ കോടതിയിലേയും കീഴ്ക്കോടതികളിലേയും കേസുകളില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നതിനും അഭിഭാഷകനെ എംബസി നിയോഗിക്കും. റിയാദിലേയും ഇന്ത്യന്‍ എംബസിയുടെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലേയും ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ ലഭ്യമായിരിക്കും.

ഏതെങ്കിലും തിങ്കളാഴ്ച അവധിദിനമാണെങ്കില്‍ അതിന്റെ അടുത്ത ദിവസം അഭിഭാഷകന്‍ എംബസിയിലെത്തും. എംബസിയിലെ സേവനങ്ങള്‍ക്ക് നിശ്ചിത തുക അഭിഭാഷക സ്ഥാപനത്തിന് എംബസിയുടെ സാമൂഹ്യക്ഷേമ ഫണ്ടില്‍ നിന്നും നല്‍കുന്നതാണ്. അപ്പില്‍ കോടതികളിലും സുപ്രീം കോടതികളിലും ഇതേ നിയമ സ്ഥാപനത്തിന്റെ കീഴിലുള്ള അഭിഭാഷകരെ ഇന്ത്യക്കാരുടെ കേസുകളില്‍ ഹാജരാകുന്നതിനായി എംബസിക്ക് ആവശ്യപ്പെടാവുന്നതാണ്. ഇതിന് പ്രത്യേകം ഫീസ് എംബസി സ്ഥാപനത്തിന് നല്‍കും. ഇന്ത്യക്കാര്‍ക്ക് എംബസി മുഖേന മാത്രമാണ് അഭിഭാഷകനെ സമീപിക്കാന്‍ സാധിക്കുക. അഭിഭാഷകന് നല്‍കേണ്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് തൊഴിലാളി ക്ഷേമ വിഭാഗത്തിലെ ഫസ്റ്റ് സെക്രട്ടറി ഐ.പി ലാക്റയുടെ നേതൃത്വത്തില്‍ മനോജ് കുമാര്‍, ഡോ. അലീം എന്നിവരെ നിയോഗിച്ചതായും ഡിസിഎം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഫസ്റ്റ് സെക്രട്ടറി ഐ.പി ലാക്റാ, സെക്കന്‍ഡ് സെക്രട്ടറിമാരായ മനോജ് കുമാര്‍, എം.ആര്‍ ഗോപകുമാര്‍, എന്‍.സി ചൌഹാന്‍, തേഡ് സെക്രട്ടറി ഡോ. മുഹമ്മദ് അലീം, അറ്റാഷേ വിവേകാനന്ദന്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍