ഫോമാ ദേശീയ കണ്‍വന്‍ഷന് വ്യാഴാഴ്ച വേദിയുണരും
Wednesday, June 25, 2014 4:50 AM IST
ഫിലഡല്‍ഫിയ: 58 അംഗ സംഘടനകളുമായി ഫോമാ എന്ന മലയാളി സംഘടനയുടെ നാലാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ വേദിയാവുകയാണ് പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ട്.

കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഘോഷയാത്രയില്‍ മുത്തുകുടകളേന്തിയ പെണ്‍കൊടിമാര്‍, കേരളത്തിലെ വിവിധ തനതു കലാ രൂപങ്ങളുടെ വേഷ വിധാനങ്ങള്‍, ഓട്ടം തുള്ളല്‍, മോഹിനിയാട്ടം, അമ്മന്‍കുടം, പരിചമുട്ട് കളി, ചെണ്ടമേളം തുടങ്ങി നാട്ടിലെ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സംഘാടകര്‍ ഒരുക്കുന്നത്.

ജൂണ്‍ 26 വ്യാഴാഴ്ച ഒരുമണിയോടെ രജിസ്ട്രേഷന്‍ ആരംഭിക്കും തുടര്‍ന്ന് ഏഴുവരെ ഫിലിം ഫെസ്റിവല്‍ നടക്കും. ഏഴോടെ ഉദ്ഘാടന ചടങ്ങ് നടക്കും. തുടര്‍ന്ന് അംഗസംഘടനകളുടെ കള്‍ച്ചറല്‍ പരിപാടികള്‍ അരങ്ങേറും. അതോടൊപ്പം യൂത്ത് പ്രോഗ്രമും നടത്തപ്പെടും.

ജൂണ്‍ 27 വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം വോളി ബോള്‍, മീറ്റ് ദി പ്രസ്, വിമന്‍സ് ഫോറം മീറ്റിംഗ് / നേഴ്സസ് സെമിനാര്‍, സാഹിത്യ സമ്മേളനം, നാടകോത്സവം, യൂത്ത് ഫെസ്റിവല്‍, ചെസ്സ് ഗെയിം, വിദ്യാഭാസ ടൂറിസം, റിലീജിയസ് ഹാര്‍മണി എന്നിവ നടക്കും. തുടര്‍ന്ന് ഉച്ച ഭക്ഷണത്തിനു ശേഷം, ബിസിനസ് മീറ്റിംഗ്, മീഡിയ സെമിനാര്‍, പൊളിറ്റിക്കല്‍ ഫോറം മീറ്റിംഗ്, ചിരിയരങ്ങ്, തുടര്‍ന്ന് കേരളോത്സവം, ഘോഷയാത്ര, പൊതു യോഗം എന്നിവ നടക്കും. തുടര്‍ന്ന് അത്താഴത്തിനു ശേഷം സ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അതോടൊപ്പം റമ്മി കാര്‍ഡ് ഗെയിമും യൂത്ത് പ്രോഗ്രാമും നടക്കും.

ജൂണ്‍ 28 ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, മീറ്റ് ദി പ്രസ്, ഫിലിം ഫെസ്റിവല്‍ എന്നിവ നടക്കും. അതിനു ശേഷം കണ്‍വെന്‍ഷനിലെ എറ്റവും ആകര്‍ഷണമായ ജനറല്‍ കൌണ്‍സില്‍ മീറ്റിങ്ങും 2014-16 ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ്, 56 കാര്‍ഡ് ഗെയിം, സാഹിത്യ സമ്മേളനം എന്നിവയും രാവിലെ നടക്കും. ഉച്ച ഭക്ഷണത്തിനു ശേഷം ബെസ്റ് കപ്പിള്‍സ്, മിസ്സ് ഫോമാ, യൂത്ത് ബാങ്ക്വറ്റ്, ഫോമാ ബാന്‍ക്യുറ്റ് തുടര്‍ന്ന് സംഗീത മാന്ത്രികന്‍ വിജയ് യേശുദാസ്, ശ്വേത മോഹന്‍ എന്നിവരും സംഘവും നടത്തുന്ന സംഗീത സായാഹ്നവും നടക്കും.

ജൂണ്‍ 29 ഞായറാഴ്ച പ്രാതലിനു ശേഷം മീറ്റ് ദി പ്രസ്, ഫോമായുടെ 201416 കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗ് എന്നിവ നടക്കും. അതോടെ ഫോമാ 2014 ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷനു തിരശീല വീഴും.
ഈ അമേരിക്കന്‍ പ്രവാസി കേരളോത്സവത്തില്‍ പങ്കെടുത്തു വന്‍ വിജിയമാക്കുവാന്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോമാ.കോം എന്ന വെബ് സൈറ്റില്‍ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍