സുലൈമാന്‍ ഫൈസിക്കും ഉമര്‍ അച്ചവിടിക്കും യാത്രയയപ്പ് ജൂണ്‍ 25ന്
Tuesday, June 24, 2014 8:02 AM IST
ജിദ്ദ: പ്രവാസ ജീവിതത്തോട് വിടപറയുന്ന പ്രമുഖ പണ്ഡിതന്‍ സുലൈമാന്‍ ഫൈസിക്കും മാപ്പിളപാട്ട് നിരൂപകനും സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഉമര്‍ അച്ചവിടിക്കും ജൂണ്‍ 25ന് (ബുധന്‍) രാത്രി ഒമ്പതിന് ശറഫിയ ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ മലയാളി ജിദ്ദ സ്നേഹാദരം നല്‍കും.

വ്യത്യസ്ത രാഷ്ട്രീയ, മത, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജിദ്ദയിലെ പ്രവാസി മലയാളികളുടെ സ്നേഹ ഭാജനങ്ങളായ സുലൈമാന്‍ ഫൈസിയും ഉമര്‍ അച്ചവിടിയും രണ്ടരപതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനുശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

1978ല്‍ ബിരുദം നേടിയ സുലൈമാന്‍ ഫൈസി കേരളത്തിലെ വിവിധ പള്ളികളില്‍ മുദരിസായും ഖതീബായും സേവനം ചെയ്ത ശേഷം 1992 മാര്‍ച്ചിലാണ് ജിദ്ദയിലെത്തുന്നത്. മലപ്പുറം ജില്ലയിലെ കിഴിശേരി കുഴിമണ്ണ സ്വദേശിയായ ഇദ്ദേഹത്തിന് മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമുണ്ട്. ആണ്‍കുട്ടികളില്‍ രണ്ട് പേര്‍ ജിദ്ദയില്‍ തന്നെ ജോലി ചെയ്യുന്നു. ഒരു മകള്‍ കുടുംബ സമേതം ജിദ്ദയിലുണ്ട്. ജിദ്ദ ഇസ്ലാമിക് ദഅ്വ കൌസില്‍ മുഖ്യ പ്രബോധകന്‍ കൂടിയായ സുലൈമാന്‍ ഫൈസി രണ്ട്ു വര്‍ഷത്തോളം മക്കയിലും ഇരുപത് വര്‍ഷമായി ജിദ്ദയിലും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കര്‍മശാസ്ത്ര വിഷയങ്ങളിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിരവധി പ്രവാസികള്‍ ഇദ്ദേഹത്തെ സമീപിക്കാറുണ്ട്. മികച്ച പ്രഭാഷകന്‍ കൂടിയായ സുലൈമാന്‍ ഫൈസി സംഘടന സങ്കുചിതത്വങ്ങളില്‍ നിന്ന് മാറി മലയാളികളുടെ ഐക്യവേദികളിലും നിറഞ്ഞ സാന്നിധ്യമാവാറുണ്ട്.

മാപ്പിള സാഹിത്യത്തിലും ഇസ്ലാമിക ചരിത്രത്തിലും പാണ്ഡിത്യമുള്ള പ്രാവാസികളിലെ അപൂര്‍വ വ്യക്തിത്വമാണ് ഉമര്‍ അച്ചവിടി. മാപ്പിളപ്പാട്ട് നിരൂപകനെ നിലയിലും ഇദ്ദേഹം ശ്രദ്ധേയനാണ്. ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക കല രംഗത്തെ രണ്ടര പതിറ്റാണ്ടിിന്റെ 'പൊതുമുഖ'ങ്ങളിലൊന്നായ ഉമര്‍ അച്ചവിടി 1990 ലാണ് ജിദ്ദയിലെത്തുന്നത്. ആദ്യം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ 18 വര്‍ഷമായി ബിന്‍സാഗര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ അച്ചിവിടി സ്വദേശിയായ ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുള്ളത്. മകന്‍ ബിന്‍സാഗര്‍ കമ്പനിയുടെ മക്ക ബ്രാഞ്ചില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്. മാപ്പിള കലാ അക്കാഡമിയുള്‍പ്പെടെ വിവിധ കൂട്ടായ്മകളുടെ ഭാരവാഹിയായ ഇദ്ദേഹം നാട്ടില്‍ സെവന്‍സ് ഫുട്ബോള്‍ റഫറിയുമായിരുന്നു.

ജിദ്ദ മലയാളികള്‍ക്കിടയിലെ വ്യത്യസ്ത വേദികളില്‍ സജീവമായിരുന്ന സുലൈമാന്‍ ഫൈസിക്കും ഉമര്‍ അച്ചിവിടക്കും മലയാളി ജിദ്ദ നല്‍കുന്ന സ്നേഹാദരം പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍