'സുലൈമാന്‍ സേട്ടിന്റെ അഭാവം കാലഘട്ടം തിരിച്ചറിയുന്നു'
Tuesday, June 24, 2014 8:02 AM IST
ജിദ്ദ: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അഭിമാനകരമായ നിലനില്‍പ്പിനെ സംബന്ധിച്ച് ആശങ്കയുയര്‍ന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ സുലൈമാന്‍ സേട്ടിനെ പോലെ ആദര്‍ശവും അര്‍പ്പണബോധവുമുള്ള നേതാക്കളുടെ അഭാവം ഗുരുതര വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ പറഞ്ഞു. ഐഎംസിസി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച സുലൈമാന്‍ സേട്ട് അനുസ്മരണ യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മര്‍ദ്ദിത ജനകോടികളുടെ ദുഃഖവും, കണ്ണീരും കഷ്ടപ്പാടും സ്വന്തം നൊമ്പരമാണെന്ന് മനസിലാക്കി അവരുടെ ജീവിക്കാനുള്ള അവകാശവും അഭിമാനവും അസ്തിത്വവും ഉറപ്പാക്കാന്‍ തന്റെ ജീവിതം പൂര്‍ണമായും ഉഴിഞ്ഞുവച്ച മഹാനായിരുന്നു സേട്ട ്സാഹിബ്. 24 മണിക്കുറും തുറന്നിട്ട വാതിലുമായി ജനങ്ങളെ സേവിക്കാന്‍ കര്‍മനിരതനായ അദ്ദേഹം, അഴിമതിയുടെയും അധാര്‍മികതയുടെയും പരിമണം പോലും ഏല്‍ക്കാതെ ജീവിക്കാന്‍ കണിശത പുലര്‍ത്തിയിരുന്നു. തന്റെ ആദര്‍ശരാഷ്ട്രീയത്തിന് മുന്നില്‍ അധികാരവും പദവികളും വലിച്ചെറിയാന്‍ ആര്‍ജവം കാണിച്ച അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ എക്കാലത്തെയും മികച്ച നൂനപക്ഷ അവകാശ തേരാളിയും മഹാമനുക്ഷ്യ സ്നേഹിയും നേരിന്റെ രാഷ്ട്രീയത്തിന്റെ മനിത മാതൃകയുമായിരുന്നു. വിഭജനാന്തരം ദിശയറിയാതെ ഉലറിയ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കാനും പൊതുകൂട്ടായ്മയിലൂടെ സംഘടിത ശക്തി രൂപപെടുത്താനും, നാല് പതിറ്റാണ്ടുകാലം അവിരാമം പോരാടിയ സമാധരണീയനായ നേതാവിന്റെ വിയോഗം ഇന്ത്യന്‍ നൂനപക്ഷങ്ങളില്‍ കനത്ത ശൂന്യതയായി ഇന്നും നിലനില്‍ക്കുന്നു.

പ്രസിഡന്റ് കെ.പി അബൂബക്കരിന്റെ അധ്യഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. സെക്രട്ടറി എ.പി.എ ഗഫൂര്‍ സ്വാഗതവും മന്‍സൂര്‍ വണ്ടൂര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍