ബോസ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ തോമാശ്ശീഹായുടെ തിരുനാള്‍ മഹാമഹം
Tuesday, June 24, 2014 3:55 AM IST
ബോസ്റണ്‍: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ജൂലൈ 4,5,6 തീയതികളിലാണ് തിരുനാള്‍ ആഘോഷങ്ങള്‍. തിരുനാളിനോടനൂബന്ധിച്ച് ജൂണ്‍ 26 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം നൊവേനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ നാലാം തീയതി വൈകിട്ട് ഏഴിന് അട്ടല്‍ബറോയിലെ ലാസ്റ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. സിറിയക് മറ്റത്തിലാനിക്കല്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് നൊവേനയും വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30-ന് തിരുനാള്‍ റാസയില്‍ രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മികനായിരിക്കും. ഇടവക വികാരി ഫാ. മാത്യു പോത്തായില്‍, ഇടവക പ്രദേശങ്ങളിലുള്ള മറ്റ് വൈദീകരും സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് സ്നേഹവിരുന്നും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

ജൂലൈ ആറാം തീയതി രാവിലെ പത്തിന് കുര്‍ബാനയും അതേ തുടര്‍ന്ന് കൊടിയിറക്കവും നടത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കേരളീയ തനിമയില്‍ മോടി കൂട്ടാന്‍ ചെണ്ടമേളവും ഉണ്ടായിരിക്കും.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരേയും ഇടവക വികാരി ഫാ. മാത്യു പോത്താലിലും, തിരുനാള്‍ പ്രസുദേന്തി മരങ്ങോലി/വിതയത്തില്‍ ഫാമിലിയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ംംം.ാമഹമ്യമഹമാരവൌൃരവയീീി.ീൃഴ 508 532 8620. ബിജു തൂമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം