വായനാദിനത്തില്‍ നവോദയ റിയാദ് ചര്‍ച്ച സംഘടിപ്പിച്ചു
Monday, June 23, 2014 8:07 AM IST
റിയാദ്: വായനയും അതിലൂടെ ആര്‍ജിക്കുന്ന അറിവും എല്ലാറ്റിനേക്കാളും ശക്തമായ ആയുധമാണെന്ന് പ്രവാസികളെ ഓര്‍മപ്പെടുത്തിക്കൊണ്ട് റിയാദ് നവോദയ വായനാദിനത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പി.എന്‍.പണിക്കരുടെ ഓര്‍മ്മ ദിവസം കുടിയായ ജൂണ്‍ 19 ആണ് വായനദിനമായി ആചരിക്കുന്നത്.

മലയാളികള്‍ക്കിടയില്‍ വായനാസംസ്കാരം ഉയര്‍ത്തിയത് നാട്ടിന്‍പുറങ്ങളില്‍ പൊതുജനങ്ങള്‍ മുന്‍കൈ എടുത്ത് സ്ഥാപിക്കുകയും പിന്നീട് സര്‍ക്കാരിന്റേയും പഞ്ചായത്തുകളുടേയും ധനസഹായത്തോടെ പ്രവര്‍ത്തിച്ചുവരുകയും ചെയ്യുന്ന ഗ്രന്ഥശാലകളായിരുന്നു. ജാതി മത രാഷ്ട്രീയ ഭേദമെന്യേ ജനകീയ ഒത്തുചേരലുകളുടേയും അറിവുകള്‍ പങ്കുവയ്ക്കലിന്റെയും കേന്ദ്രങ്ങളായിരുന്ന ലൈബ്രറികളുടെ ഗ്രാന്റും മറ്റാനുകൂല്യങ്ങളും നിര്‍ത്തി അക്ഷരങ്ങളോട് വൈരം പുലര്‍ത്തി ഗ്രന്ഥശാലകളെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയായി നവോദയ നടത്തിയ വായനാ ദിനാചരണം.

വെള്ളിയാഴ്ചച്ച റിയാദ് സഫാ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ വ്യത്യസ്ത വായനാനുഭവങ്ങള്‍ പങ്കുവച്ചു. നിരന്തര വായനയിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഒരു എഴുത്തുകാരന്‍ രൂപപ്പെടുകയെന്ന് പറഞ്ഞ അഹമ്മദ് മേലാറ്റൂര്‍ തന്നെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ച് വിവരിച്ചു. കഴിയുന്നത്ര വായിക്കാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനമേകാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്ന് രതീഷ് പറഞ്ഞപ്പോള്‍ കൂടുതല്‍ വായിക്കുന്നതിലല്ല, വായിക്കുന്നത് കുറച്ചാണെങ്കില്‍പോലും മനസിരുത്തി വായിക്കാനാണ് കുട്ടികളെ ഉപദേശിക്കേണ്ടതെന്ന് അധ്യാപികയായ സിന്ധു പ്രദീപ് പറഞ്ഞു. ഒരുപക്ഷേ വായിക്കാന്‍ ഏറ്റവും സമയം ലഭിക്കുക പ്രവാസികള്‍ക്കായിരിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. പ്രവാസികളുടെ ദുരിതമയമായ ജീവിതം വരച്ചു കാട്ടിയ ബെന്‍യാമിന്റെ ആടുജീവിതവും കെ.യു. ഇഖ്ബാലിന്റെ ഗദ്ദാമയും പോലുള്ള സൃഷ്ടികള്‍ പ്രവാസികള്‍ക്കിടയില്‍ വായന വര്‍ധിപ്പിച്ചിട്ടുണ്െടന്ന് യാസര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

സമയത്തെ കുറ്റം പറഞ്ഞ് വായനയില്‍ നിന്ന് പിന്‍വാങ്ങുന്ന പലരും സമയക്കുറവ് സ്വയം സൃഷ്ടിച്ച് താത്പര്യക്കുറവോ അലസതയോ കൊണ്ടാണ് വായിക്കാത്തതെന്ന് കുമ്മിള്‍ സുധീര്‍ പറഞ്ഞു. ടിവിയിലും മൊബൈലിലും ഇന്റര്‍നെറ്റിലും തളച്ചിടപ്പെടുന്ന ബാല്യങ്ങളെ വായനയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന സാമൂഹ്യദൌത്യം ഓരോ സംഘടനകളുടേയും ചുമതല കൂടിയാണെന്ന് ജയകുമാര്‍ ചൂണ്ടികാട്ടി.

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വായിക്കുകയും ഏതെങ്കിലും തരത്തില്‍ തങ്ങളെ ശക്തമായി സ്വാധീനിക്കുകയും ചെയ്ത പുസ്തകങ്ങളെ കുറിച്ച് പ്രസംഗിച്ചു. നവോദയയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ലൈബ്രറിയിലേക്ക് കൂടുതല്‍ പുസ്തകങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വരൂപിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പിന്തുണ അറിയിച്ചു.

രതീഷ്, കുമ്മിള്‍ സുധീര്‍, ജയകുമാര്‍, അഹമ്മദ് മേലാറ്റൂര്‍, നിഷാ അഹമ്മദ്, ദീപാ ജയകുമാര്‍, നിഷാ ഷാജി, സിന്ധു പ്രദീപ്, സുരേഷ്, സതീഷ്, അന്‍വാസ്, രാജേഷ്, ലത്തീഫ്, പ്രദീപ്, വിക്രമലാല്‍, ഉദയഭാനു, ഷാജി എന്നിവര്‍ പ്രസംഗിച്ചു. കുമ്മിള്‍ സുധീര്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍