മാപ്പിളപാട്ടിന്റെ തനിമ സംരക്ഷിക്കും: സി.പി സൈതലവി
Monday, June 23, 2014 8:06 AM IST
ജിദ്ദ: ഒരു സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉള്‍ക്കൊള്ളുന്ന മാപ്പിള പാട്ടിന്റെ തനതും തനിമയും ഒട്ടും വകഭേദം സംഭവിക്കാതെ സംരക്ഷിക്കുമെന്നും പുതുതലമുറയ്ക്ക് സ്വത സിദ്ധമായ രീതിയില്‍ അത് പകര്‍ന്നൂ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി ചെയര്‍മാന്‍ സി.പി സൈതലവി പറഞ്ഞു. മാപ്പിളകലാ അക്കാഡമി ജിദ്ദാ ചാപ്റ്റര്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സങ്കരസംസ്കാരങ്ങളില്‍നിന്നും പിറവികൊണ്ട മാപ്പിള ആര്‍ക്കും സ്വന്തമല്ലെന്നും അത് പൊതുവാണെന്നും അതുകൊണ്ടുതന്നെ മാപ്പിളപാട്ട് പൊതുസമൂഹത്തിനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാപ്പിളകലാ അക്കാഡമി ജിദ്ദാ ചാപ്റ്റര്‍ പ്രസിഡന്റ് സയിദ് മഷ്ഹൂദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പുതുതലമുറയിലെ എഴുത്തുകാര്‍ നന്നായി എഴുതുന്നവരാണെന്നും അതിനേക്കാള്‍ ശബ്ദ സൌകുമാര്യതകൊണ്ട് അനുഗ്രഹീതരാണെന്നും എന്നാല്‍ അവയെല്ലാം മാപ്പിളപാട്ടിന്റെ യഥാര്‍ഥ തലത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും ആയതുകൊണ്ട് യഥാര്‍ഥ മാപ്പിളപാട്ടിന്റെ ഘടനയെ വരും തലമുറയ്ക്ക് കൈമാറുന്ന പഠന ക്ളാസുകള്‍ അക്കാഡമി സംഘടിപ്പിക്കുമെന്നും മുഖാമുഖത്തില്‍ കൊമ്പന്‍ മൂസയുടെ ചോദ്യത്തിനു മറുപടിയായി വിശദീകരിച്ചു. റിയാലിറ്റി ഷോകള്‍ മാപ്പിളപാട്ടിന്റെ വിശാലമായ തലത്തില്‍ പ്രചരിപ്പിക്കുന്നതിനും പുതിയ നിരവധി ഗായകര്‍ക്ക് അവസരം നല്‍കുന്നതിനും സഹായിച്ചിട്ടുണ്െടങ്കിലും യഥാര്‍ഥ മാപ്പിള പാട്ടുകളെ ജനകീയവത്കരിക്കാന്‍ സാധിച്ചിട്ടില്ലെന്നു ഷറഫുദ്ദീന്‍ കായംകുളത്തിന്റെ ചോദ്യത്തിനും മലയാള ഭാഷയിലേക്ക് മാപ്പിളപാട്ടില്‍നിന്നും കടന്നുവന്ന ഭാഷയുടെ ഭാഗമായിതീര്‍ന്ന പദങ്ങളെകുറിച്ച് പഠനം നടത്തുമെന്ന് നസീര്‍ബാവകുഞ്ഞിന്റെ ചോദ്യത്തിനും മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രവാസ ജീവതത്തിനും വിരാമമിട്ടു നാട്ടിലേക്ക് മടങ്ങുന്ന മാപ്പിള കലാ അക്കാഡമിയുടെ രക്ഷാധികാരിയും മാപ്പിളപാട്ട് നിരൂപകനുമായ ഉമ്മര്‍ അഞ്ചച്ചടിക്ക് മുഖ്യരക്ഷാധികാരി ഡോ. മുഹമ്മദ് കാവുങ്ങല്‍ ഉപഹാരം നല്‍കി. മോയിന്‍ കുട്ടി വൈദ്യര്‍ അക്കാഡമി ചെയര്‍മാന്‍ സി.പി സൈതലവിക്കു പ്രസിഡന്റ്് മഷ്ഹൂദ് തങ്ങളും ഉപഹാരം നല്‍കി. പി.ടി മുഹമ്മദ്,അബൂബക്കര്‍ അരിമ്പ്ര, കെ.വി ഗഫൂര്‍, ഡോ. ഇസ്മയില്‍ മരിതേരി, മജീദ് നഹ, ഗോപി നടുങ്ങാടി, പ്രഫ. റൈനോല്‍ഡ്, ഉസ്മാന്‍ ഇരുമ്പുഴി, അഡ്വ.മുനീര്‍ എന്നിവര്‍ ഉമ്മര്‍ അഞ്ചച്ചവടിക്ക് യാത്രാ മംഗളം നേര്‍ന്നു.

ഉസ്മാന്‍ ഇടത്തില്‍, ജമാല്‍ പാഷ, ഇ.കെ റഫീക്ക് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും സുല്‍ത്താന്‍ തവന്നുര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍