ജുബൈലില്‍ ദുരിതത്തില്‍ കഴിഞ്ഞ 91 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസി തുണയായി
Monday, June 23, 2014 8:05 AM IST
ജുബൈല്‍: നാട്ടില്‍നിന്ന് വാഗ്ദാനം നല്‍കിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തില്‍ കഴിഞ്ഞ 91 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍ പ്രശ്ന പരിഹാരത്തിനു വഴിയൊരുക്കി.

ഇന്ത്യന്‍ എംബസി ഡിസിഎം സിബി ജോര്‍ജ്, ഫസ്റ് സെക്രട്ടറി ഐ.പി ലാക്കറ, സെക്കന്റ് സെക്രട്ടറി എന്‍.സി. ചൌെഹാന്‍ എന്നിവര്‍ വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തി.

ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി ഡോ. മുഹമ്മദ് അലീം, വെല്‍ഫെയര്‍ ഓഫീസര്‍ മുഹമ്മദ് ഇംദാദ് എന്നിവരുടെ നേതൃത്വത്തില്‍ കമ്പനി മാനേജ്മെന്റുമായി ചര്‍ച്ച നടത്തുകയും റിക്രൂട്ടിംഗ് ഏജന്റിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്തതോടെ പ്രശ്ന പരിഹാരത്തിനു വഴിയൊരുങ്ങുകയായിരുന്നു. അതുപ്രകാരം നാട്ടില്‍ നിന്ന് വാഗ്ദാനം നല്‍കിയ അടിസ്ഥാന ശമ്പളവും അധികസമയം ചെയ്യുന്ന ജോലിക്ക് സൌദി നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. ഇതുസംബന്ധിച്ച കത്ത് കമ്പനി ഓരോ തൊഴിലാളിക്കും പ്രത്യേകമായി നല്‍കി. ജുബൈലിലെ ഇന്ത്യന്‍ എംബസി സഹായ കേന്ദ്രം പ്രതിനിധികളായ ഷംസുദ്ദീന്‍ ചെട്ടിപ്പടി, ജയന്‍ തച്ചമ്പാറ, സലിം ആലപ്പുഴ, സൈഫുദ്ദീന്‍ പൊറ്റശേരി, ജയന്‍ വാര്യര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

നാട്ടില്‍ നിന്ന് വാഗ്ദാനം നല്‍കിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് 91 ഇന്ത്യന്‍ തൊഴിലാളികള്‍ പരാതിയുമായി ജുബൈല്‍ ലേബര്‍ ഓഫീസിനെ സമീപിച്ചിരുന്നു.

പത്ര പരസ്യത്തിലും എമിഗ്രേഷന്‍ രേഖകളിലും തൊഴിലാളികള്‍ അംഗീകരിച്ച അടിസ്ഥാന ശമ്പളം രേഖപ്പെടുത്തിയിരുന്നെങ്കിലും നാട്ടില്‍ ഒപ്പിട്ട ചൈനീസ് ഭാഷയിലും ഇംഗ്ളീഷ് ഭാഷയിലുമായി തയാറാക്കിയ കരാറില്‍ മൊത്തം ശമ്പളം എന്ന ഖന്ധികയില്‍ ആണു അടിസ്ഥാന ശമ്പളം രേഖപ്പെടുത്തിയിരുന്നത്. രണ്ടു മണിക്കൂര്‍ സ്ഥിരം നിര്‍ബന്ധിത ഓവര്‍ടൈം ഉള്‍പ്പടെ 28 പ്രവര്‍ത്തി ദിവസത്തേക്കുള്ള ശമ്പളമാണ് ഇതെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ആദ്യമാസത്തെ ശമ്പളം കിട്ടിയപ്പോഴാണ് തൊഴിലാളികള്‍ക്ക് അബദ്ധം മനസിലായത്. തുടര്‍ന്ന് തൊഴിലാളികള്‍ ജുബൈലിലെ ലേബര്‍ ഓഫീസിനെ സമീപിക്കുകയായിരുന്നു. സൌദി തൊഴില്‍ നിയമപ്രകാരം തൊഴില്‍ കരാര്‍ ക്രമീകരിച്ചിട്ടില്ലാതിരുന്നതിനാല്‍ ലേബര്‍ ഓഫീസര്‍ കമ്പനി നിലപാട് അംഗീകരിച്ചില്ല.

ജുബൈലിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ഡസ്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി സംഘം തൊഴിലാളികളെ താമസ സ്ഥലത്ത് സന്ദര്‍ശിക്കുകയും കമ്പനി ഓഫീസ് സന്ദര്‍ിച്ചു അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി ജുബൈലിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ പുതിയ തൊഴില്‍വീസയില്‍ എത്തിയതായിരുന്നു ഈ തൊഴിലാളികള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും.

നാട്ടിലെ ദാരിദ്രാവസ്ഥയില്‍നിന്നും കരകയറാം എന്ന് കരുതി ഉള്ളതെല്ലാം വിറ്റുപെറുക്കി വന്ന തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഏറെ ആശ്വാസമായിരിക്കുകയാണ്.

പ്രശ്ന പരിഹാരത്തിനു വഴിയൊരിക്കിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കമ്പനി അധികൃതരും തൊഴിലാളികളും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം