എം.എ യൂസഫലിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രാജ്യാതിരുകള്‍ മായ്ക്കുന്ന സ്നേഹപ്രവാഹമായ്
Monday, June 23, 2014 8:03 AM IST
അബുദാബി: ചേംബര്‍ ഓഫ് കോമേഴ്സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ പ്രചാരണ കണ്‍വെന്‍ഷന്‍ രാജ്യാതിര്‍ത്തികള്‍ മായ്ക്കുന്ന സ്നേഹപ്രവാഹത്തിനു വേദിയായി.

അബുദാബി മലയാളി സമാജത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പാക്കിസ്ഥാനികളും ബംഗ്ളാദേശികളും അഫ്ഗാനികളുമാണ് യുസഫലിക്ക് പിന്തുണയുമായി എത്തിയത്. ആദ്യാവസാനം ഹിന്ദിയില്‍ പ്രസംഗിച്ച് യുസഫലി സദസിന്റെ കൈയടിയും നേടി. ഒരു വോട്ടിനെക്കാളേറെ പരസ്പര സ്നേഹവും സൌഹൃദവുമാണ് വലുതെന്ന് യുസഫലി അഭിപ്രായപ്പെട്ടു.

ആയിരത്തിലധികം ചെറുകിട വ്യാപാരികളും വ്യവസായികളുമാണ് മലയാളി സമാജത്തില്‍ പിന്തുണയുമായി ഒത്തുചേര്‍ന്നത്.

സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാഹാജി, ഷെബീര്‍ അലി (പാക്കിസ്ഥാന്‍), ഹാഫിസ് അല റഹ്മാന്‍ (ബംഗ്ളാദേശ്) സമാജം ചീഫ് കോഓര്‍ഡിനേറ്റര്‍ ബി.യേശുശീലന്‍ എന്നിവര്‍ പ്രസംഗിച്ചു.

26 ന് രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴു വരെ അബുദാബി നാഷണല്‍ എക്സി ബിഷന്‍ സെന്റര്‍, ബദാസായദ് വെഡിംഗ് ഹാള്‍, അലൈന്‍ അല്‍ ഖുബൈസി സെന്റര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള