ജോര്‍ജ് ജോസഫിന് ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് അംഗീകാരം ലഭിച്ചു
Monday, June 23, 2014 5:23 AM IST
ന്യൂയോര്‍ക്ക്: മെറ്റ്ലൈഫിന്റെ ഇന്‍വെസ്റ്മെന്റ് അഡ്വൈസര്‍ റപ്രസന്റേറ്റീവ് ജോര്‍ജ് ജോസഫിന്, പെന്‍സില്‍വേനിയയിലെ ബ്രിന്‍മോര്‍ അമേരിക്കന്‍ കോളജില്‍ നിന്ന് ചാര്‍ട്ടേഡ് ഫൈനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ആയി അംഗീകാരം ലഭിച്ചു.

ചാര്‍ട്ടേഡ് ഫൈനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് പദം ലഭിക്കാന്‍ ഒമ്പത് കോഴ്സുകളും 18 മണിക്കൂറിന്റെ സൂപ്പര്‍വൈസ്ഡ് പരീക്ഷകളും പാസാകണം. അതിനു പുറമെ പ്രായോഗിക ജ്ഞാനവും (എക്സിപീരിയന്‍സ്), ധാര്‍മ്മിക നിലവാരവും പരിഗണിക്കും. സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി സി.എച്ച്.എഫ്.സി പദത്തെ കണക്കാക്കുന്നു. 1982ല്‍ ആരംഭിച്ചതു മുതല്‍ അരലക്ഷത്തോളം പേര്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

ചെറുകിട ബിസിനസുകാര്‍, കുടുംബങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സാമ്പത്തികരംഗം സംബന്ധിച്ച പദ്ധതികള്‍ തയാറാക്കാന്‍ സി.എച്ച്.എഫ്.സി പ്രഫഷണലുകള്‍ക്ക് ഈ പ്രോഗ്രാം വഴി വൈദഗ്ധ്യം ലഭിക്കുന്നു. നിശ്ചിത ലക്ഷ്യങ്ങള്‍ക്ക് രൂപംകൊടുക്കാനും, അതു നേടിയെടുക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും പ്രോഗ്രാം അവരെ പ്രാപ്തരാക്കുന്നു.

സാമ്പത്തിക രംഗത്തെ ഒട്ടേറെ കാര്യങ്ങള്‍ക്ക് ആധികാരിക ഉപദേശ നിര്‍ദേശങ്ങളാണ് അവര്‍ നല്‍കുക. സാമ്പത്തിക ആസൂത്രണം, ധനസമ്പാദനം, എസ്റ്റേറ്റ് പ്ളാനിംഗ്, ഇന്‍കംടാക്സ് വിഷയങ്ങള്‍, ഇന്‍ഷ്വറന്‍സ്, റിട്ടയര്‍മെന്റ് പ്ളാനിംഗ് തുടങ്ങി എല്ലാ വിഷയങ്ങള്‍ക്കും ആധികാരികമായ ഉപദേശം നല്കാന്‍ അവര്‍ക്ക് നിയമാനുസൃത അനുമതിയുണ്ട്.

കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.കോം ബിരുദമുള്ള ജോര്‍ജ് ജോസഫ് ലണ്ടനിലെ ഐ.സി.ഡബ്ള്യു.എ അംഗമാണ്. മെറ്റ്ലൈഫില്‍ ചേരുംമുമ്പ് രണ്ടുവര്‍ഷം എച്ച്. ആന്‍ഡ് ആര്‍ ബ്ളോക്കില്‍ ടാക്സ് കണ്‍സള്‍ട്ടന്റായിരുന്നു. 2003ലാണ് മെറ്റ്ലൈഫില്‍ ചേരുന്നത്. ലൈഫ്, ഹെല്‍ത്ത്, പ്രോപ്പര്‍ട്ടി, കാഷ്വാലിറ്റി ലൈസന്‍സുകള്‍ ഉണ്ട്. സ്റ്റോക് ബ്രോക്കര്‍ക്കു വേണ്ട സീരിസ് 6, സീരീസ്63, സീരിസ് 7 ലൈസന്‍സുകളും ഉണ്ട്. ഇന്‍വെസ്റ്മെന്റ് അഡ്വൈസര്‍ റെപ്രസന്റേറ്റീവുമാണ്.

മെറ്റ്ലൈഫ് ലീഡേഴ്സ് കോണ്‍ഫറന്‍സില്‍ എട്ടുതവണയും, മില്യന്‍ ഡോളര്‍ റൌണ്ട് ടേബിളില്‍ ഒമ്പത് തവണയും യോഗ്യത നേടി. ഇന്‍ഷ്വറന്‍സ് മേഖലയിലെ മികവുറ്റ അംഗീകാരങ്ങളാണിവ.

അമേരിക്കയിലെ മിക്കവാറും എലാ സംഘടനകളുടെയും സമ്മേളനത്തിന്റെ സ്പൊണ്‍സര്‍ എന്ന നിലക്ക് ജോര്‍ജ് ജോസഫിനെ അറിയാത്തവര്‍ ചുരുക്കം. റോക്ക് ലാന്‍ഡ് കൌണ്ടി ലെജിസ്ളേറ്റര്‍ ആനി പോളിന്റെ സഹോദരനാണ്. സാമ്പത്തിക രംഗത്തെ മികച്ച കോളജുകളിലൊന്നാണ് ദി അമേരിക്കന്‍ കോളജ്. 86 വര്‍ഷം മുമ്പ് ആരംഭിച്ച കോളജ് വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് പാര്‍ട്ട്ണറായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം