സീറോ മലബാര്‍ കത്തീഡ്രലില്‍ കാറോയ പട്ട ശുശ്രൂഷ ജൂലൈ 29-ന്
Saturday, June 21, 2014 9:04 AM IST
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി ജൂലൈ 29-ന് (ഞായര്‍) രാവിലെ 11 ന് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടൊപ്പം രണ്ടു ശെമ്മാശന്മാര്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും കാറോയാ പട്ടം സ്വീകരിക്കുന്നതാണ്.

ന്യൂയോര്‍ക്ക് ബ്രോങ്ക്സ് ഇടവകാംഗമായ ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കലും ഫ്ളോറിഡാ ടാമ്പാ കേന്ദ്രമായുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ബ്രദര്‍ രാജീവ് ഫിലിപ്പും തങ്ങളുടെ പൌരോഹിത്യത്തിലേക്കുള്ള പാതയുടെ ആദ്യത്തെ പട്ടമായ കാറോയ പട്ടം സ്വീകരിക്കുന്നത് സീറോ മലബാര്‍ രൂപതയ്ക്ക് മുഴുവന്‍ ആഹ്ളാദം പകരുന്ന കാര്യമാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്ന ഈ ശെമ്മാശന്മാര്‍ ഉപരിപഠനാര്‍ഥം റോമിലേക്ക് പോകുന്നതിനു മുമ്പായിട്ടാണ് ഈ പട്ടം സ്വീകരിക്കുന്നത്. ബ്രദര്‍ കെവിന്റേയും ബ്രദര്‍ രാജീവിന്റേയും ബന്ധുമിത്രാദികളും സ്നേഹിതരും ഇടവകാംഗങ്ങളുമായി ഒരു നല്ല ജനസമൂഹം ഭക്തിനിര്‍ഭരമായ ചടങ്ങില്‍ സംബന്ധിക്കും.

തിരുവസ്ത്രം സ്വീകരിച്ചുകൊണ്ട് അര്‍പ്പണ മനോഭാവത്തോടെ പൌരോഹിത്യവേലയ്ക്കുവേണ്ടി വിളിക്കപ്പെട്ട ഈ യുവാക്കള്‍ക്ക് ഷിക്കാഗോ ഇടവകയുടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഈ യുവാക്കള്‍ ഒരു മാതൃകയും പ്രചോദനവും ആയിത്തീരട്ടെ എന്ന് വികാരി ഫാ. ജോയി ആലപ്പാട്ട് ആശംസിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം