ഫോമ കണ്‍വന്‍ഷന്‍: കേരളോത്സവം ജൂണ്‍ 27 ന്
Saturday, June 21, 2014 8:59 AM IST
ഫിലാഡല്‍ഫിയ: ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള 'കേരളോത്സവം' എന്ന ഘോഷയാത്ര ജൂണ്‍ 27-ന് (വെള്ളി) വൈകുന്നേരം അഞ്ചിന് വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കണ്‍വന്‍ഷനിലെ ഏറ്റവും ആകര്‍ഷകമായ കേരളോത്സവത്തിലെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തായായി വരുന്നു.

മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയുള്ള ഘോഷയാത്രയില്‍ കേരളത്തിലെ തനത് കലാരൂപങ്ങളുടെ പ്രകടനം മാറ്റു കൂട്ടും. കഥകളി, കാവടി, തിരുവാതിര, മോഹിനിയാട്ടം എന്നിവയുടെ സംഗമം വേറിട്ടൊരു അനുഭവമായിരിക്കും.

മുന്‍കാല കണ്‍വന്‍ഷനുകളെ അപേക്ഷിച്ച് ഇക്കുറി പരിചമുട്ട് കളിയും മാര്‍ഗംകളിയും അമ്മന്‍കുടവും ഉള്‍പ്പെടുത്താനായത് കാണികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും. നൂറോളം പേര്‍ ഉള്‍പ്പെടുന്ന കലാകാരന്മാര്‍ കഴിവ് തെളിയിച്ചവരും പ്രൊഫണല്‍ രംഗത്തുള്ളവരുമാണെന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത.

കേരളത്തിലെ രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളും അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് ഏബ്രഹാം, സണ്ണി ഏബ്രഹാം, തോമസ് മാത്യു, രാജപ്പന്‍ നായര്‍, അജി പണിക്കര്‍, സ്റാന്‍ലി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഘോഷയാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം