മാലിക്കിന്റെ വാദം അപഹാസ്യം നിറഞ്ഞത്: സൌദ് അല്‍ ഫൈസല്‍
Friday, June 20, 2014 7:58 AM IST
ദമാം: ഇറാഖിലെ ഭീകര പ്രവര്‍ത്തകരെ സൌദി സഹായിക്കുന്നതായുള്ള ഇറാക്കി പ്രധാനമന്ത്രി നൂര്‍ അല്‍ മാലിക്കിയുടെ പ്രസ്താവന തികഞ്ഞ അപഹാസ്യം നിറഞ്ഞതാണെന്ന് സൌദി വിദേശകാര്യ മന്ത്രി സൌദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

ജിദ്ദയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) വിദേശകാര്യ മന്ത്രിമാരുടെ കോണ്‍ഫറന്‍സിന് സമാപനം കുറിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് മാലിക്കിയുടെ ആരോപണത്തിനെതിരെ സൌദി വിദേശകാര്യ മന്ത്രി സൌദ് അല്‍ ഫൈസല്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഇറാഖിന്റെ ആഭ്യന്തര പ്രശ്നങ്ങളിലേക്ക് അനാവശ്യമായി സൌദി അറേബ്യയെ വലിച്ചിഴക്കേണ്െടന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുന്ന തരത്തില്‍ നൂര്‍ മാലിക്കിയുടെ ഭരണമാണ് ഇറാഖിലെ പ്രശ്നത്തിന് കാരണമായത്. ഭീകരവാദികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യംവയ്ക്കുന്ന രാജ്യങ്ങളിലൊന്നും നിരവധി ഭീകരാക്രമണങ്ങള്‍ നേരിടേണ്ടിവന്ന രാജ്യവുമാണ് സൌദി അറേബ്യ. ഇറാഖ് അടക്കമുള്ള ചില പശ്ചിമേഷന്‍ രാജ്യങ്ങളില്‍ ഭീകര സംഘടനകള്‍ പ്രത്യേകിച്ചും ഇറാഖില്‍ ഭീകരാക്രമണം നടത്തുന്ന ചില ഗ്രൂപ്പുകള്‍ സൌദിയേയും ലക്ഷ്യം വയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സൌദിയില്‍ ഭീകരതയ്ക്കെതിരെ സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്. ഇതു പരിശോധിക്കാന്‍ ഇറാഖിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകുകയാണ് വേണ്ടതെന്നും സൌദ് ഫൈസല്‍ പറഞ്ഞു.

ഇസ്ലാമിക രാജ്യങ്ങളുടെ ക്ഷേമത്തിനും വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജിദ്ദയില്‍ സമാപിച്ച 41-ാമത് അറബ് വിദേശകാര്യമന്ത്രിമാരുടെ കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു.

ഖുദ്സ പട്ടണത്തിന്റെയും ബൈത്തുല്‍ മുഖദിസ് വികസനത്തിനും സുരക്ഷയ്ക്കും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനമായി. ബൈത്തുല്‍ മുഖദിസിന്റെ വികസനത്തിന് പ്രത്യേക ഫണ്ട് ബൈത്തുല്‍ മാലിന് നല്‍കാനും തീരുമാനമായി. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കൈയേറ്റങ്ങളെയും ശക്തമായ ഭാഷയില്‍ അപലപിക്കുകയും ഖുദ്സ് പട്ടണത്തിന് സമീപത്തേയ്ക്കുല്ള കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

സിറിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെന്നും സിറിയന്‍ ജനതയെ ഭക്ഷണവും മറ്റും എത്തിക്കുന്നതിനും മാനുഷിക സഹായം നല്‍കുന്നതിനും യുഎന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു. മധ്യ ആഫ്രിക്കയില്‍ മുസ് ലിങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ദുരിതമനുഭവിക്കുന്ന ജനതക്ക് ആവശ്യമായ സഹായം നല്‍കാന്‍ പ്രത്യേക സംഘത്തെ അയയ്ക്കണമെന്നും നാടുവിട്ടു പോകുന്നവര്‍ക്ക് അയല്‍ രാജ്യങ്ങളില്‍ അഭയം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

വിവിധ മദ്ഹബുകളുടെയും വീക്ഷണങ്ങളുടേയും പേരില്‍ മുസ് ലിങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും പരസ്പരം ആക്ഷേപങ്ങള്‍ നടത്തരുതെന്നും ഇക്കാര്യത്തില്‍ മക്കയില്‍ 2012 ല്‍ അബ്ദുള്ള രാജാവിന്റെ പേരില്‍ പ്രത്യേകം സംഘടിപ്പിച്ച നാലാമത് ഇസ് ലാമിക ഉച്ചകോടി പ്രസ്ക്തമാണെന്നും കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. അടുത്ത സമ്മേളനം 2015ല്‍ കുവൈറ്റില്‍ ചേരാനും തീരുമാനമായി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം