കേരള ഡിബേറ്റ് ഫോറം ഫോമാ ഇലക്ഷന്‍ ടെലി-ഡിബേറ്റ് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു
Friday, June 20, 2014 5:14 AM IST
ഹൂസ്റന്‍: അമേരിക്കയിലെ വിവിധ മലയാളി ദേശീയ സംഘടനകളുടെ കണ്‍വന്‍ഷന്‍ പൂക്കാല വസന്തമാണല്ലൊ സംജാതമായിരിക്കുന്നത്. മിക്ക പ്രസ്ഥാനങ്ങളുടേയും കണ്‍വെന്‍ഷനോടനുബന്ധിച്ചു തന്നെ സംഘടനകളുടെ അടുത്ത പ്രവര്‍ത്തക സമിതിയേയും, സാരഥികളേയും തെരഞ്ഞെടുക്കും. സംഘടനയേയും പൊതുജനത്തേയും സേവിക്കാന്‍ തല്‍പ്പരരായ സേവകര്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലെത്തിക്കഴിഞ്ഞു. അവര്‍ക്കൊക്കെ ഒരു വേദിയും വീഥിയും ഒരുക്കുകയാണ് കേരളാ ഡിബേറ്റ് ഫോറം ഇത്തരം ടെലി-ഡിബേറ്റ് ഓപ്പണ്‍ ഫോറത്തിലൂടെ. അമേരിക്കയിലെ പ്രബലമായ രണ്ടു സെക്കുലര്‍ ദേശീയ പ്രസ്ഥാനങ്ങളായ ഫോമ-ഫൊക്കാന കണ്‍വെന്‍ഷനുകളും തെരഞ്ഞെടുപ്പുകളും അടുത്ത രണ്ടാഴ്ചകളിലായി യഥാക്രമം ഫിലാഡല്‍ഫിയായിലും ചിക്കാഗോയിലും അരങ്ങേറുകയാണ്. ഇതില്‍ ആദ്യം നടക്കുന്ന കണ്‍വെന്‍ഷനും ഇലക്ഷനും ഫോമായുടേതായതിനാല്‍ ഫോമാ സ്ഥാനാര്‍ത്ഥികള്‍ക്കും, വോട്ടറന്മാരായ ഡെലിഗേറ്റുകള്‍ക്കും അംഗസംഘടനകള്‍ക്കും സര്‍വോപരി അറിയാനും ചോദിക്കാനും അവകാശമുള്ള പൊതുജനങ്ങള്‍ക്കുമായിട്ട് കേരളാ ഡിബേറ്റ് ഫോറം ഈ പരിപാടി തികച്ചും സൌഹാര്‍ദ്ദപരമായി സംഘടിപ്പിക്കുകയാണ്. ആവിഷ്ക്കാര സ്വാതന്ത്യ്രത്തോടെ അവതരിപ്പിക്കുന്ന ഈ സംവാദവും ഓപ്പണ്‍ ഫോറവും തികച്ചും നിഷ്പക്ഷവും നീതിപുലര്‍ത്തുന്നതുമായിരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളേയും സസ്നേഹം ബഹുമാനപുരസ്സരം ഈ സദുദ്യമത്തിലേക്ക് ക്ഷണിക്കുന്നു. ഈ പ്രസ് റിലീസ് ഓരോരുത്തര്‍ക്കുമുള്ള ക്ഷണക്കത്തായി കരുതുക.

ജൂണ്‍ 23-ാം തീയതി തിങ്കള്‍ വൈകുന്നേരം ഒമ്പതിന് (ഈസ്റേണ്‍ സ്റാന്‍ഡാര്‍ഡ്-ന്യൂയോര്‍ക്ക് ടൈം) ആരംഭിക്കുന്ന ടെലിഫോണ്‍ കോണ്‍ഫറന്‍സ് സ്റൈലിലുള്ള ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍ 2014 ഫോമാ പ്രവര്‍ത്തക സമിതിയിലെ ഏതു തസ്തികയിലേക്ക് മല്‍സരിക്കുന്നവര്‍ക്കും അവരെ സ്വയം ഫോമാ വോട്ടറന്മാര്‍ക്കും മറ്റ് അംഗ സംഘടനാ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്താനുള്ള ഒരസുലഭ സന്ദര്‍ഭമായിരിക്കും ലഭ്യമാകുക. നിശ്ചയമായിട്ടും അമേരിക്കയിലെ വിവിധ സ്റേറ്റുകളിലുമുള്ള നൂറുകണക്കിനാളുകള്‍ ഈ ടെലിഫോണ്‍ സംവാദത്തില്‍ നിങ്ങളെ പരിചയപ്പെടാനും ശ്രവിക്കാനും എത്താതിരിക്കില്ല. പ്രാദേശിക അടിസ്ഥാനത്തിലൊ ലോക്കല്‍ ലവലിലോ സംഘടിപ്പിക്കുന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് ഫോറങ്ങളും നല്ലതു തന്നെ. എന്നാല്‍ അതിന്റെ പതിന്മടങ്ങ് ആളുകളുടെ ഇടയില്‍ നിഷ്പ്രയാസം സ്ഥാനാര്‍ത്ഥികളുടെ അജണ്ടയും വാഗ്ദാനങ്ങളും അവതരിപ്പിക്കാന്‍ ഈ നാഷനല്‍ ടെലി ഡിബേറ്റു വഴി എളുപ്പം സാധിക്കും. പത്രമാധ്യമ പ്രതിനിധികളും സംഘടനാ പ്രതിനിധികളും സ്ഥാനാര്‍ത്ഥികളോട് ന്യായമായ ചോദ്യങ്ങള്‍ ഉന്നയിച്ചേക്കാം. ചോദ്യങ്ങളും ഉത്തരങ്ങളും കാര്യമാത്ര പ്രസക്തവും ഹൃസ്വവും ആയിരിക്കണം. അപമാനപരവും വ്യക്തിഹത്യ ധ്വനിപ്പിക്കുന്നതുമായ ഒരു പ്രസ്താവനയും ചോദ്യവും അനുവദനീയമല്ല. തികച്ചും ആരോഗ്യപ്രദമായ സംവാദങ്ങളും പ്രസ്താവനകളുമായിരിക്കണം. സംഘടനയുടെ ഉയര്‍ച്ചയും വളര്‍ച്ചയും വിജയവും പൊതുജനക്ഷേമവും മാത്രമായിരിക്കണം അവനവന്റെ ചോദ്യങ്ങളുടെ, വാദങ്ങളുടെ ലക്ഷ്യം. ഡിബേറ്റ് മോഡറേറ്ററുടെ അഭ്യര്‍ത്ഥനകളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. നിങ്ങളുടെ ലിവിംഗ് റൂമിലിരുന്നു തന്നെ ടെലിഫോണ്‍ കറക്കി സംബന്ധിക്കാവുന്ന ഈ ടെലി ഡിബേറ്റ് ഓപ്പണ്‍ ഫോറത്തിലേക്ക് പൊതുജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. നമ്മുടെ ഫോമാ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്നവര്‍ പറയുന്നതു കേള്‍ക്കാന്‍ എല്ലാവര്‍ക്കും ചെവിയോര്‍ക്കാം.

ജൂണ്‍ 23 (തിങ്കള്‍) വൈകിട്ട് ഒമ്പതിന് (ന്യൂയോര്‍ക്ക് ടൈം-ഈസ്റേണ്‍ സ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും ഓപ്പണ്‍ ഫോറം തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് വൈകിട്ട് ഒമ്പതിന് എന്ന ഈസ്റേണ്‍ സ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോണ്‍ ഡയല്‍ ചെയ്ത് ടെലികോണ്‍ഫറന്‍സ് ഓപ്പണ്‍ ഫോറത്തില്‍ പ്രവേശിക്കാവുന്നതാണ്. ടെലി ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍ സംബന്ധിക്കുന്നവര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഭികാമ്യം ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതാണ്.

ടെലികോണ്‍ഫറന്‍സ് ഓപ്പണ്‍ ഫോറത്തിലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-559-726-1300 പാര്‍ട്ടിസിപ്പന്റ് അക്സസ് കോഡ് : 605988

കൂടാതെ കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി. ജോര്‍ജ്: 281-809-6362, സണ്ണി വള്ളിക്കളം : 847-722-7598, റെജി ചെറിയാന്‍: 404-425-4350, തോമസ് കൂവള്ളൂര്‍ : 914-409-5772, ടോം വിരിപ്പന്‍ : 832-462-4596, മാത്യൂസ് ഇടപ്പാറ : 845-309-3671, സജി കരിമ്പന്നൂര്‍ : 813-263-6302, തോമസ് ഓലിയാന്‍കുന്നേല്‍ : 713-679-9950.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്