ഇസ്ലാം സമ്പൂര്‍ണം: മൌലാന ഉസ്മാന്‍ ബേഗ് റഷാദി
Thursday, June 19, 2014 8:01 AM IST
കുവൈറ്റ് സിറ്റി: ഇസ്ലാം പ്രതിനിധാനം ചെയ്യുന്നത് കേവലം ആചാരാനുഷ്ടാനങ്ങള്‍ക്കപ്പുറം സമ്പൂര്‍ണ ജീവിത ക്രമമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ ദേശീയ പ്രസിഡന്റ് മൌലാന ഉസ്മാന്‍ ബേഗ് റഷാദി പറഞ്ഞു.

കുവൈറ്റ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ദസ്മ കുവൈറ്റ് ടീച്ചേഴ്സ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച 'ദീനുല്‍ ഹഖ്' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പൂര്‍ണ ശാക്തീകരണത്തിന് കുടുംബത്തിലെയും സമൂഹത്തിലെയും മുഖ്യബിന്ദുവായ സ്ത്രീകളുടെ ഉത്തരവാദിത്തവും വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പിയുസിഎല്‍ അജീവാനന്ത അംഗവും കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും 20,000നും 25,000 നുമിടയില്‍ മുസ്ലിം പണ്ഡിതന്മാര്‍ രാജ്യത്തെ വിവിധ മതപഠന കേന്ദ്രങ്ങളില്‍ നിന്നായി പുറത്തു വരുന്നുണ്ട്. എന്നാല്‍ സമൂഹത്തിന്റെ മാറിവരുന്ന പ്രവണതകള്‍ക്കുമനുസരിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കാവശ്യമായ വിദ്യാഭ്യാസം നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

കുവൈറ്റ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് ഹാഫിസ് സെയ്ഫ് അധ്യക്ഷത വഹിച്ചു. എന്‍ജിനിയര്‍ ആസിഫ് മോഡറേറ്ററായിരുന്നു. കെകെഎംഎ കര്‍ണാടക ഘടകം പ്രസിഡന്റ് അബ്ദുള്‍ ഹമീദ് മുല്‍കി, മൌലാന സമിയുള്ള മൈസൂര്‍, ഷംസീര്‍ അമാന്‍, നസീര്‍ റായ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്