റവ.ഡോ. നൈനാന്‍ വി. ജോര്‍ജിന് യാത്രയയപ്പ് നല്‍കി
Thursday, June 19, 2014 5:20 AM IST
ഷിക്കാഗോ: എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ വികാരിയായി കഴിഞ്ഞ മൂന്നര വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചശേഷം മാതൃഭദ്രാസനമായ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിക്കുന്നതിനായി നാട്ടിലേക്ക് തിരിച്ചുപോകുന്ന റവ.ഡോ. നൈനാന്‍ വി ജോര്‍ജ് അച്ചന് ഇടവകാംഗങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ജൂണ്‍ പതിനഞ്ചാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ജൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഇടവകയുടെ വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ അച്ചന് ആശംസകള്‍ അര്‍പ്പിച്ചു. തദവസരത്തില്‍ സഹോദരി ഇടവകയില്‍ നിന്നും വികാരി റവ. ദാനിയേല്‍ ജോര്‍ജ്, റവ. എബി ചാക്കോ, ഏരിയ യൂത്ത് മിനിസ്റര്‍ റവ. ക്രിസ്റഫര്‍ മാത്യു എന്നിവരും, ഷിക്കാഗോ എക്യൂമെനിക്കല്‍ പ്രസിഡന്റ് റവ. ജോയി ആലപ്പാട്ട് അച്ചനും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നൈനാന്‍ അച്ചന്റെ മറുപടി പ്രസംഗത്തിനുശേഷം സ്നേഹവിരുന്നോടെ യാത്രയയപ്പ് സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം