ഡാന്‍സിംഗ് ഡാംസല്‍സ് ഡാന്‍സ് ഫെസ്റ്റ് കിക്കോഫ് നടത്തി
Wednesday, June 18, 2014 7:42 AM IST
ടൊറന്റോ: ഡാന്‍സിംഗ് ഡാംസല്‍സ് സംഘടിപ്പിക്കുന്ന ഡിഡി ഡാന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 18 ന് (ശനി) വൈകുന്നേരം ആറിന് ഓക്ക് വില്ലിലുളള ദി മീറ്റിംഗ് ഹൌസില്‍ നടക്കും.

ഡാന്‍സ് ഫെസ്റ്റിന്റെ കിക്കോഫ് ടൊറന്റോയിലുളള എല്ലാ പ്രമുഖ ഡാന്‍സ് സ്കൂള്‍ അധ്യാപകരുടെയും സാന്നിധ്യത്തില്‍, സരിഗ- കനേഡിയന്‍ സ്കൂള്‍ ഓഫ് ഇന്ത്യന്‍ മ്യൂസിക് സ്ഥാപകനും പ്രശസ്ത വയലിന്‍ സംഗീതജ്ഞനും അഭയദേവിന്റെ കൊച്ചുമകനുമായ ജയദേവന്‍ നായര്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

എറ്റോബിക്കോക്കിലുളള വുഡ് ബൈന്‍ ബാങ്കറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക സംഘടനാ നേതാക്കളായ ബോബി സേവ്യര്‍, ടോമി കൊക്കാട്, തോമസ് കെ. തോമസ്, സുദര്‍ശന്‍ മീനാക്ഷി സുന്ദരം, ഗീതാ ശങ്കരന്‍, മേഴ്സി ഇലഞ്ഞിക്കല്‍, ജോബ് സണ്‍ ഈശോ, മൃദുല മേനോന്‍, സീമ ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

വിവിധ ഡാന്‍സ് സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രീത കണ്ടന്‍ ചാത്ത, ഗായത്രി ദേവി വിജയകുമാര്‍, മാല പിഷാരടി, രഞ്ജി തായ, ബാഷ ജൈലാനി, സുജാത ഗണേഷ്, ഹരി കിഷന്‍ എസ്. നായര്‍ എന്നിവരും പങ്കെടുത്തു.

ഡാന്‍സ് ഫെസ്റ്റിന്റെ സ്പോണ്‍ സര്‍ഷിപ്പ് ഉദ്ഘാടനം ഗ്രാന്‍ഡ് സ്പോണ്‍സറായ റീമാക്സ് റിയാലിറ്റിയിലെ മനോജ് കരാത്തയും ഗോള്‍ഡ് സ്പോണ്‍സറായ സണ്‍ ലൈഫ് ഇന്‍ഷ്വറന്‍സിലെ സുജിത് നായരും ചെക്കുകള്‍ നല്‍കി നിര്‍വഹിച്ചു.

ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്ത ഇനങ്ങളായ ഭരതനാട്യം, കഥക്, കുച്ചിപ്പുടി, കഥകളി, മണിപ്പൂരി, മോഹിനിയാട്ടം, ഒഡീസി, സാത്രീയ എന്നിവയോടൊപ്പം അര്‍ജന്റൈന്‍ ടാന്‍ഗോ, ബാലറ്റ്, ടാപ്പ്, സൂംബാ, വാക്കിംഗ്, സാല്‍സ്, ജാസ്, ഹിപ്- ഹോപ്പ്, മാമ, ബെല്ലി, ഫെമെന്‍ഗോ തുടങ്ങിയവരും സമ്മേളിപ്പിച്ചുകൊണ്ട് ഒരു നൃത്ത വിസ്മയമാണ് ഡാന്‍സ് ഫെസ്റ്റിവലില്‍ ഒരുക്കുക. വിവിധ രാജ്യങ്ങളിലെ വിവിധ സംസ്കാരങ്ങളിലുളള നാടോടി നൃത്തങ്ങളും ഒരേ സ്റ്റേജില്‍ അണിനിരത്തി ഒരു ലോകോത്തര നിലവാരത്തിലുളള ഒരു നൃത്ത - ദൃശ്യ വിരുന്നായിരിക്കും ഇത്.

സ്ത്രീകളുടെ ദാരിദ്യ്ര നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ടുളള ഈ ധന സമാഹരണ പരിപാടിയില്‍ 1,00,000 ഡോളര്‍ സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെയും സ്പോണ്‍സര്‍ ഷിപ്പിലൂടെയും മാത്രമാണ് ഇതിനുളള തുക കണ്െടത്തുന്നതെന്നും സംഭാവനകള്‍ സ്വീകരിക്കുന്നതല്ലെന്നും മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് അറിയിച്ചു.

ഏര്‍ളി ബേഡ് ടിക്കറ്റുകള്‍ 10 ഡോളര്‍ നിരക്കില്‍ ഓഗസ്റ്റ് ഒന്നുവരെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനില്‍ വാങ്ങാവുന്നതാണ്. അതിനുശേഷം ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കും.

വോളന്റിയര്‍ ആകുന്നതിനും സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നതിനും ടിക്കറ്റ് വാങ്ങുന്നതിനും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗിക വെബ് സൈറ്റ് ംംം.ററവീെം.രീാ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജെയ്സണ്‍ മാത്യു