സംയുക്ത ഏകദിന സെമിനാര്‍ ജൂണ്‍ 28ന്
Wednesday, June 18, 2014 7:40 AM IST
ന്യൂജഴ്സി: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ റീജിയന്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെയും മര്‍ത്തമറിയം വനിതാ സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ 28 ന് (ശനി) ന്യൂജേഴ്സി വിപ്പനിയിലുളള ഭദ്രാസന ആസ്ഥാനത്തുവച്ച് ഏകദിന ധ്യാന യോഗം നടത്തുന്നു.

നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ഒരുങ്ങി കൊള്‍ക (ആമോസ് 4.12) എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സെമിനാറില്‍ ഫാ. വിജു ഏബ്രഹാം തടത്തില്‍പറമ്പില്‍ (വൈസ് പ്രസിഡന്റ് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പി) അധ്യക്ഷത വഹിക്കും.

പ്രധാന ദൂതന്റെ അകമ്പടിയോടും കാഹള ധ്വനിയോടും കൂടിയുളള നമ്മുടെ കര്‍ത്താവിന്റെ രണ്ടാമത്തെ വരവ് ആസന്നമായിരിക്കുന്നുവെന്നും അതിനായി നാം ഒരുങ്ങിയിരിക്കണമെന്നും നമ്മെ ഓര്‍മിപ്പിക്കുന്ന, തിരുവചനത്തെ അടിസ്ഥാനമാക്കി സീനിയര്‍ വൈദികനും അറിയപ്പെടുന്ന മനഃശാസ്ത്രവിദഗ്ധനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. ഡോ. എ.പി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.

ഫാ. വര്‍ഗീസ് മാണിക്കാട്ട് (വൈസ് പ്രസിഡന്റ്, മര്‍ത്തമറിയം വനിതാ സമാജം) ഷെവലിയാര്‍ ഏബ്രഹാം മാത്യു (ജന. സെക്രട്ടറി, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്) മിലന്‍ റോയി (ജന. സെക്രട്ടറി മര്‍ത്തമറിയം വനിതാ സമാജം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇടവക മെത്രാപോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് സെന്റ് പോള്‍ മെന്‍സ് ഫെലോഷിപ്പ് ഭദ്രാസനത്തിനുവേണ്ടി തയാറാക്കിയ ഫാമിലി പ്രെയര്‍ ബുക്കിന്റെ ആദ്യ വില്‍പ്പനയും തദവസരത്തില്‍ നടക്കും. സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെയും മര്‍ത്തമറിയം വനിതാ സമാജത്തിന്റേയും ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ചുളള കൂട്ടായ ചര്‍ച്ചയും ഉണ്ടായിരിക്കും. വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകും.

റീജിയണിലെ വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്ക് തികച്ചും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഈ ആത്മീയ വിരുന്നില്‍ സംബന്ധിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസനം പിഐആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍