നോര്‍ത്ത് കരോലിന ലൂര്‍ദ് മാതാ ദേവാലയം പാരീഷ് ഡേയും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും നടത്തി
Tuesday, June 17, 2014 8:15 AM IST
നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ ദേവാലയത്തിന്റെ ഈ വര്‍ഷത്തെ പാരീഷ് ഡേയും സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷങ്ങളും പ്രൌഢഗംഭീരമായി ജൂണ്‍ 14-ന് (ശനി) ഗ്രീന്‍ ഹോഫ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ചടങ്ങിലെ ഔദ്യോഗിക അതിഥിയായി സെന്റ് തോമസ് സീറോ മലബാര്‍ രൂപത എപ്പിസ്കോപ്പല്‍ പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) റവ.ഫാ. പോള്‍ ചാലിശേരിയായിരുന്നു. വിശിഷ്ടാതിഥിയായി ഇടുക്കി രൂപതയിലെ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ഏബ്രഹാം പുറയാട്ടിലായിരുന്നു.

ഇടവക വികാരി ഫാ. ജോസഫ് കുന്നേലിന്റെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഇടവകയിലെ ഇരുപത്തിയഞ്ചാം വാര്‍ഷികവും അതിനു മുകളിലുമുള്ള ദമ്പതികളെ ആദരിച്ച് മൊമെന്റോ നല്‍കി. ഈവര്‍ഷം ഗ്രാജ്വേറ്റായ കുട്ടികളേയും ആദരിച്ചു.

ലൂര്‍ദ് മാതാ ദേവാലയത്തിന്റെ ആദ്യത്തെ ഡയറക്ടറിയുടെ ഔദ്യോഗികമായ പ്രകാശനം ഫാ. പോള്‍ ചാലിശേരിയില്‍ നിന്നും ഇടവക വികാരി സ്വീകരിച്ച് നിര്‍വഹിച്ചു. പാരീഷ് സെക്രട്ടറി ബിനോയി പാറത്തട്ടേലും ഫെയ്ത്ത് ഫോര്‍മേഷന്റെ ഹെഡ്മാസ്റര്‍ ബിജു പാറയിലും ഈവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിക്കുകയുണ്ടായി. ഔദ്യോഗിക ചടങ്ങുകള്‍ക്കുശേഷം ഇടവകയിലെ കുട്ടികളുടെ ഇമ്പമാര്‍ന്ന ഗാനങ്ങളും നൃത്തനൃത്യങ്ങളും സ്കിറ്റും അരങ്ങേറുകയുണ്ടായി.

കൈക്കാരന്മാരായ ടോമി മുട്ടാറിന്റേയും ജോര്‍ജ് കുറ്റിക്കലിന്റേയും പാരീഷ് കൌണ്‍സില്‍ അംഗങ്ങളുടേയും സണ്‍ഡേ സ്കൂള്‍ ടീച്ചര്‍മാരുടേയും മാസങ്ങളോളമുള്ള പരിശ്രമത്തിന്റെ ഫലമായ ഈവര്‍ഷത്തെ കലാപരിപാടികള്‍ ഗംഭീരമായി നടത്താന്‍ സഹായിച്ചു.

കാര്യപരിപാടികളുടെ അവസാനമായി ഷൈബി റെജിയുടെ നന്ദി പ്രകടനത്തോടെയും സ്നേവിരുന്നോടെയും ഈവര്‍ഷത്തെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ക്കും പാരീഷ് ഡേ ആഘോഷങ്ങള്‍ക്കും പരിസമാപ്തിയായി. ബാബു കുറ്റ്യാത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം