ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ തോമാശ്ളീഹായുടെ തിരുനാള്‍
Monday, June 16, 2014 6:52 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ഭാരത അപ്പസ്തോലനും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ഭക്ത്യാദരപൂര്‍വം ജൂണ്‍ 27 മുതല്‍ ജൂലൈ ഏഴു വരെ പത്തുദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ജൂണ്‍ 27 ന് (വെള്ളി) വൈകുന്നേരം ഏഴിന് ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീളുന്ന ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായി ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. മാത്യു മണക്കാട്ട് സഹകാര്‍മികനായിരിക്കും. റവ. ഡോ. മാത്യു മണക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ നടക്കും.

ദുക്റാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം 6.30ന് റവ. ഫാ. തോമസ് മലയില്‍, റവ. ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഫാ. മാത്യു മുളങ്ങാശേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ. കുര്‍ബാന മധ്യേ ഫാ. മാത്യു മുളങ്ങാശേരി തിരുനാള്‍ സന്ദേശം നല്‍കും.

ജൂലൈ നാലിന് (വെള്ളി) വൈകുന്നേരം അഞ്ചിന് ആഘോഷമായ സമൂഹബലി, റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, റവ ഫാ ജേക്കബ് ജോണ്‍, റവ. ഫാ. ജോസ് അയിനിക്കല്‍, റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. ഫാ ജോസ് അയിനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഏഴു മുതല്‍ മദര്‍ തേരസ നാടകം നടക്കും.

ജൂലൈ അഞ്ചിന് (ശനി) വൈകുന്നേരം നാലിന് സമൂഹബലി. റവ. ഫാ. മാത്യു മുളങ്ങാശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും. ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരായ സെന്റ് ജോസഫ് വാര്‍ഡ് ടീമംഗങ്ങള്‍ ഒരുക്കുന്ന കലാവിരുന്ന് ഹൃദയഹാരിയായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ മുഖ്യ കാര്‍മികനായി ആഘോഷമായ തിരുനാള്‍ കുര്‍ബാന. തൃശൂര്‍ ജറുസലേം റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ഡോവിസ് പട്ടത്ത് തിരുനാള്‍ സന്ദേശം നല്‍കും. ലദീഞ്ഞിനുശേഷം പെരുന്നാള്‍ കൊടികളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ളീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ എന്നിവ തിരുനാളിന്റെ മോടി കൂട്ടും

ജൂലൈ ഏഴിന് (തിങ്കള്‍) മരിച്ചവരുടെ ഓര്‍മദിനം, വൈകുന്നേരം ഏഴിന് ദിവ്യബലിയും ഒപ്പീസും നേര്‍ച്ച വിതരണവും ഉണ്ടാവും. അന്നേ ദിവസം കൊടിയിറക്കുന്നതോടെ പത്തു ദിവസത്തെ തിരുനാളിനു തിരശീല വീഴും.

ഇടവക മധ്യസ്ഥനെ വണങ്ങുന്നതിനും നേര്‍ച്ച കാഴ്ച്ചകള്‍ സമര്‍പ്പിക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് എല്ലാ ദിവസങ്ങളിലും സൌകര്യം ഉണ്ടാവും. പ്രധാന തിരുനാള്‍ ദിവസങ്ങളായ ശനിയും ഞായറും സ്നേഹവിരുന്ന് ഉണ്ടാവും.

ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ സെന്റ് ജോസഫ് വാര്‍ഡിലെ കുടുംബാംഗങ്ങളാണ്. സിബിച്ചന്‍ ചെംപ്ളായില്‍ (പ്രസിഡന്റ്), പോള്‍ തെക്കുംതല (വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍, എലിസബത്ത് മാത്യൂസ് (സെക്രട്ടറിമാര്‍), യോഹന്നാന്‍ മത്തായി (ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ തിരുനാള്‍ കമ്മിറ്റി ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ഇടവക ഫൊറോനയായി ഉയര്‍ത്തിയശേഷം വരുന്ന ആദ്യത്തെ തിരുനാള്‍ എന്ന നിലയിലും, ഇടവകയുടെ പത്താം വാര്‍ഷികം എന്ന നിലയിലലും ഈ വര്‍ഷത്തെ തിരുനാളിനു പ്രത്യേക പ്രാധാന്യമുണ്ട്. തിരുനാളിന്റെ പത്തു ദിവസങ്ങളിലും ഇടവകയിലെ വാര്‍ഡുകള്‍ നയിക്കുന്ന മധ്യസ്ഥ പ്രാര്‍ഥനയും ദിവ്യബലിയും ഉണ്ടാവും.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍