സൌദിയില്‍ നിര്‍ബന്ധിത മധ്യാഹ്ന വിശ്രമം നിലവില്‍വന്നു
Monday, June 16, 2014 6:51 AM IST
ദമാം: സൌദിയില്‍ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് നിര്‍ബന്ധമായും വിശ്രമം നല്‍കണമെന്ന നിബന്ധന നിലവില്‍വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയാണ് വിശ്രമം നല്‍കേണ്ടത്. എണ്ണ കമ്പനികള്‍ക്കും ഗ്യാസ് കമ്പനികള്‍ക്കും ഈ നിയമത്തില്‍ ഇളവുണ്ട്.

അടിയന്തരമായി തകരാറുകള്‍ പരിഹരിക്കുന്ന ജോലികള്‍ക്കും ഈ നിബന്ധന ബാധകമല്ല. എന്നാല്‍ ഇത്തരത്തില്‍ ജോലിയെടുപ്പിക്കുന്ന കമ്പനികള്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് മൂവായിരം മുതല്‍ പതിനായിരം റിയാല്‍ വരെയാണ് പിഴ. കൂടാതെ സ്ഥാപനം 30 ദിവസത്തേയ്ക്ക് തുറക്കാനും കഴിയില്ല.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം