സൌദിയില്‍ വിദേശികളുടെ ഇഖാമ പുതുക്കാന്‍ കുടുംബത്തിന് ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം
Monday, June 16, 2014 6:51 AM IST
ദമാം: സൌദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും അവരുടെ ആശ്രിത വീസയിലുള്ള കുടുംബത്തിന് ഇഖാമ പുതുക്കുന്നതിന് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി.

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഇഖാമ പുതുക്കി നല്‍കുകയുള്ളൂ. ഓണ്‍ലൈനായി പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും കുടുംബാംഗങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിക്കുന്നു.

എല്ലാ വിദേശികള്‍ക്കും അവരുടെ കുടുംബത്തിനും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാന്‍ കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

ശമ്പളത്തിന്റെ മാനദണ്ഡം നോക്കാതെ എല്ലാ ജോലികള്‍ക്കും തൊഴിലുടമ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനാണ് വ്യവസ്ഥ.

പുതിയ നിബന്ധന കമ്പനി വീസകളില്‍ അല്ലാത്ത വിദേശികള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കും. കമ്പനി വീസികളില്‍ ഫാമിലി സ്റാറ്റസ് ഉള്ളവര്‍ക്കും കുടുംബത്തിനും കമ്പനികള്‍ തന്നെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. മറ്റുള്ളവര്‍ക്ക് ഇഖാമ പുതുക്കുന്ന സമയത്ത് ഇത് അധിക ഭാരം സൃഷ്ടിക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം