തൊഴില്‍ പീഡനത്തില്‍ നിന്ന് മോചിതയായി ഒരു മലയാളി സ്ത്രീ കൂടി നാടണഞ്ഞു
Monday, June 16, 2014 6:48 AM IST
ദമാം: കഴിഞ്ഞ സെപ്റ്റംബറില്‍ കുടുംബ പ്രാരബ്ദത്തില്‍ നിന്ന് കരകയറാന്‍ വീസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങള്‍ കേട്ട് സൌദിയിലെത്തിയ എറണകുളം പൂക്കാട്ടുപടി ഫൌസിയ റൌഫ് (39) എട്ടു മാസം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതിരിക്കുകയും വീട്ടിലെ കഠിന ജോലിയും സ്പോണ്‍സറുടെയും ഗൃഹനാഥയുടെയും പീഡനം സഹിക്കവയ്യാതെ രക്ഷപ്പെടാന്‍ വഴി തേടിയിരിക്കുമ്പോള്‍ സമീപത്തെ കടയിലെ കച്ചവടക്കാരന്‍ നല്‍കിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിതിന്റെ നമ്പരില്‍ വിളിച്ച് തന്റെ അനുഭവം വിവരിക്കുകയായിരുന്നു.

സഫിയ സ്പോണ്‍സറെ വിളിച്ച് ഫൌസിയയെ കുറിച്ച് അന്വേഷിച്ചു. അവള്‍ ഇവിടെ സുഖമായിരിക്കുന്നു എന്ന് സ്പോണ്‍സര്‍ അറിയിച്ചു. നാട്ടില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് അന്വേഷിക്കുന്നതെന്നും അവളെ നേരില്‍ കാണാന്‍ അവസരം ഒരുക്കണമെന്ന് സഫിയ ആവശ്യപ്പെട്ടു. വീണ്ടും സഫിയ അജിത് ദമാം സാമൂഹ്യ സുരക്ഷ ഉദ്യാഗസ്ഥന്റെ സഹായത്തോടെ വീണ്ടും വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പോണ്‍സര്‍ ഫൌസിയയുമായി ദമാം സാമൂഹ്യ സുരക്ഷ ഓഫീസിലെത്തി തനിക്കുണ്ടായ ദുരവസ്ഥകള്‍ വിവരിച്ചു. എന്നാല്‍ സ്പോണ്‍സര്‍ പീഡന കഥകള്‍ നിഷേധിച്ചു. ശമ്പളം കൊടുത്തിട്ടില്ലെന്നും അത് കൊടുക്കാന്‍ തയാറാണെന്നും അറിയിച്ചു. എന്നാല്‍ ഫൌസിയ തിരികെ പോകാന്‍ കൂട്ടാക്കിയില്ല. വന്നിട്ട് എട്ടു മാസം ആയിട്ടും ഇക്കാമ പോലും എടുത്തിട്ടുണ്ടായില്ല ഇക്കാരണങ്ങളാലും ഫൌസിയ ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കാത്തതിനാലും ഫൌസിയയെ നാട്ടില്‍ വിടാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കണം എന്ന് സഫിയയും സാമൂഹ്യ സുരക്ഷ ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാമ എടുക്കുന്നതിനാവശ്യമായ മെഡിക്കല്‍ എടുക്കാന്‍ സ്പോണ്‍സറോടൊപ്പം പോകാന്‍ ഫൌസിയ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ സഫിയയുടെ ജാമ്യത്തില്‍ ഫൌസിയയെ സഫിയയോടൊപ്പം വിട്ടു. സഫിയ ഫൌസിയയെ ദമാം ബദര്‍ അല്‍ റാബി ഡിസ്പെന്‍സറിയിലെത്തിച്ച് മെഡിക്കല്‍ എടുത്തു. എക്സിറ്റടിച്ച പാസ്പോര്‍ട്ടും ഇക്കാമയും കൈമാറുന്നതുവരെ ഫൌസിയയെ സഫിയ സ്വന്തം ഭവനത്തില്‍ താമിസിപ്പിച്ചു.

കഴിഞ്ഞ ദിവസം സ്പോണ്‍സര്‍ എത്തി എക്സിറ്റടിച്ച പാസ്പോര്‍ട്ട്, ഇക്കാമ, ശമ്പള കുടിശിക, എയര്‍ ടിക്കറ്റ് എന്നിവ കൈമാറി.

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ സഫിയ അജിത്, ഷാന്‍ പെഴുംമൂട് എന്നിവര്‍ ചേര്‍ന്ന് ഫൌസിയയെ എയര്‍ പോര്‍ട്ടില്‍ എത്തിച്ച് യാത്രയാക്കി. നാട്ടിലെത്തിയ ഫൌസിയ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഫൌസിയയുടെ യാത്ര രേഖകള്‍ നവയുഗം നിയമ സഹായ വേദി കണ്‍വീനര്‍ ഷാന്‍ പെഴുംമൂട് ഫൌസിയയ്ക്ക് കൈമാറി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം