നാമം സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നൃത്ത വിരുന്ന്
Monday, June 16, 2014 5:23 AM IST
ന്യൂജേഴ്സി: മാള്‍ബറോയിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നാമം സംഘടിപ്പിക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പരിപാടികള്‍ അരങ്ങേറുമെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ അറിയിച്ചു.

കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്സ്, മയൂര ടെമ്പിള്‍ ഓഫ് ആര്‍ട്സ്, സൌപര്‍ണ്ണിക ഡാന്‍സ് അക്കാഡമി എന്നീ പ്രഗത്ഭ നൃത്ത സംഘങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നൃത്ത പരിപാടികളാണ് കാഴ്ച വയ്ക്കുന്നത്. ഇതോടനുബന്ധിച്ച് നടത്തുന്ന ഗുരുവന്ദനത്തില്‍ ബീന മേനോന്‍, ബിന്ദ്യ പ്രസാദ്, മാലിനി നായര്‍ എന്നിവരെ നാമം ആദരിക്കും.

സപ്താഹ യജ്ഞത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയ ഭാഗവത മഹാപുരാണം ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ പരായണം ചെയ്യും. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ളീഷിലും വിശദീകരിക്കും. ഇതു കൂടാതെ വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്കാരിക സമ്മേളനം, ആധ്യാത്മിക ചര്‍ച്ചകള്‍ എന്നിവയുമുണ്ടാകും.

ജൂണ്‍ 21 വൈകുന്നേരം നാലിന് ആരംഭിക്കുന്ന മഹാ യജ്ഞത്തില്‍ ന്യൂജേഴ്സി, ന്യൂയോര്‍ക്ക് , വാഷിങ്ങ്ടന്‍ ഡി. സി, ഫിലടെല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ല്‍ എത്തുന്നുണ്ട് . വളരെ വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ചീഫ് കോര്‍ഡിനേറ്റര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ വിനീത നായരാണ് പി.ര്‍.ഒ.

ജാതി മത ഭേദമില്ലാതെ ഏവര്‍ക്കും യജ്ഞത്തില്‍ പങ്കെടുക്കാം. രെജിസ്ട്രേഷനും ഭക്ഷണവും സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാധവന്‍ ബി നായര്‍: 732 718 7355 , സഞ്ജീവ് കുമാര്‍: 732 306 7406 , വിനീത നായര്‍: 732 874 3168.