ലാനാ കേരളാ കണ്‍വന്‍ഷന്‍ കിക്കോഫും, ബ്രോഷര്‍ പ്രകാശനവും നടത്തി
Sunday, June 15, 2014 12:54 AM IST
ഷിക്കാഗോ: 2014 ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ വെച്ച് നടത്തുന്ന ലാനയുടെ ത്രിദിന കണ്‍വന്‍ഷനുള്ള രജിസ്ട്രേഷന്‍ കിക്ക്ഓഫും, കണ്‍വന്‍ഷന്‍ ബ്രോഷറിന്റെ പ്രകാശനവും ഷിക്കാഗോ സാഹിത്യവേദിയില്‍ വെച്ച് നടത്തപ്പെട്ടു.

ജൂണ്‍ ആറാം തീയതി വെള്ളിയാഴ്ച ഷിക്കാഗോ സാഹിത്യവേദിയുടെ 181-മത് യോഗത്തില്‍ വെച്ചാണ് പരിപാടികള്‍ നടത്തപ്പെട്ടത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം മാനേജിംഗ് ഡയറക്ടറും, ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന പി.എസ് നായരില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍ നായര്‍ കിക്കോഫ് നിര്‍വഹിച്ചു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് പുല്ലാപ്പള്ളി 501 ഡോളര്‍ നല്‍കി സപോണ്‍സര്‍ഷിപ്പ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡോ. റോയി തോമസ്, ജോണ്‍ സി. ഇലയ്ക്കാട്ട്, കെ. രാധാകൃഷ്ണന്‍ നായര്‍ എന്നിവരും സ്പോണ്‍സര്‍ഷിപ്പ് തുകകള്‍ കൈമാറി.

കേരളാ കണ്‍വന്‍ഷന്റെ പ്രചാരണാര്‍ത്ഥം തയാറാക്കിയ ലാനാ ബ്രോഷറിന്റെ പ്രകാശനകര്‍മ്മം സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലയ്ക്കാട്ടിന് ആദ്യപ്രതി നല്‍കിക്കൊണ്ട് ഡോ. റോയി പി. തോമസ് നിര്‍വഹിച്ചു. തദവസരത്തില്‍ ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, കണ്‍വന്‍ഷന്‍ ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ സാഹിത്യവേദി അംഗങ്ങളുമായി പങ്കുവെച്ചു.

'മാറുന്ന ദേശീയത- ഉത്തരാധുനിക ചിന്തകള്‍' എന്നതായിരുന്നു ഈമാസത്തെ ചര്‍ച്ചാവിഷയം. പ്രബന്ധാവതാരകനായ അനിലാല്‍ ശ്രീനിവാസന്‍ ദേശീയതയുടെ പുതിയ കാലത്തെ വെല്ലുവിളികളെയും അപചയങ്ങളെയും കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. ഡോ. റോയി തോമസ് അദ്ധ്യക്ഷനായിരുന്നു. ജോണ്‍ ഇലയ്ക്കാട്ട് സ്വാഗതവും നാരായണന്‍ നായര്‍ കൃതജ്ഞതാ പ്രസംഗവും നടത്തി. ജോണ്‍ ആന്‍ഡ് മേരിക്കുട്ടി ഇലയ്ക്കാട്ട് ഒരുക്കിയ സ്നേഹവിരുന്ന് എല്ലാവരും ആസ്വദിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം