യുഎസ് കോണ്‍സുലേറ്റിന്റെ അമേരിക്കന്‍ കോര്‍ണര്‍ കോട്ടയത്ത് ആരംഭിച്ചു
Saturday, June 14, 2014 8:26 AM IST
കോട്ടയം: യുഎസ് കോണ്‍സുലേറ്റ് ചെന്നൈയും കോട്ടയം പബ്ളിക് ലൈബ്രറിയും സംയുക്തമായി കോട്ടയം പബ്ളിക് ലൈബ്രററിയില്‍ ആരംഭിക്കുന്ന അമേരിക്കന്‍ കോര്‍ണര്‍ കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

അമേരിക്കയുടെ സാമൂഹ്യ,രാഷ്ട്രീയ,സാംസ്കാരിക, വിദ്യാഭ്യാസ മേഘലകളെ തൊട്ടറിയുവാനുള്ള അവസരമായി ഇത് മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ജെന്നിഫര്‍ മെലിന്റെര്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി കെ.സി ജോസഫ്, ജോസ് കെ. മാണി എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കന്‍ ഗ്രന്ഥങ്ങള്‍, ഡിവിഡി, മാഗസിനുകള്‍ തുടങ്ങി വിവിധ ശേഖരങ്ങളടങ്ങിയ വിപുലമായ ലൈബ്രറി ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ അമേരിക്കന്‍ കോര്‍ണറാണ് കേരളത്തില്‍ തുടങ്ങിയത്. മറ്റൊന്ന് 2004 ല്‍ ഭാരതീയ വിദ്യാ ഭവന്റെ സഹകരണത്തില്‍ ബാംഗളൂരില്‍ ആരംഭിച്ചിട്ടുണ്ട്.

കോട്ടയം അമേരിക്കന്‍ കോര്‍ണര്‍ വിദ്യാര്‍ഥികള്‍, റിസര്‍ച്ചേഴ്സ്, ബിസിനസ്, മീഡിയ, ലീഗല്‍ പ്രൊഫഷണലേഴ്സ്, ജനറല്‍ പബ്ളിക് എന്നിവര്‍ക്കായി രാവിലെ 10 മുതല്‍ പ്രവേശനം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം