ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: ഗുരുരത്നം ജ്ഞാനതപസ്വി
Saturday, June 14, 2014 8:23 AM IST
ദുബായ്: മാറുന്ന കാലത്തിനും ദേശത്തിനും അനുസരിച്ച് പരിഷ്കാരങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പംതന്നെ നമ്മുടെ പൈതൃകവും പാരമ്പര്യനന്മകളും നഷ്ടപ്പൈടുത്താതെ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് ശാ ന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ദുബായ് ശാന്തിഗിരി ആയുര്‍വേദിക് സെന്ററില്‍ സംഘടിപ്പിച്ച ശാന്തിഗിരി സൌഹൃദക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക സംസ്കാരം ഇന്ന് എല്ലാ മേഖലകളിലേക്കും കടന്നെത്തിയിരിക്കുന്നു. ആധുനികതയുടെ നല്ല വശങ്ങളെ പുല്‍കുന്നതിനൊപ്പം നമ്മുടെ സ്വന്തം തനിമയും പാരമ്പര്യങ്ങളും തിരിച്ചറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍. അല്ലാത്തപക്ഷം സാംസ്കാരിക അടിമത്വത്തിലേക്ക് നമ്മള്‍ കൂപ്പുകുത്തും. അങ്ങനെ സംഭവിച്ചാല്‍ അത് ഭാരതത്തെ സംബന്ധിച്ച് സമാനതകളില്ലാത്ത ദുരന്തമായിരിക്കുമെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു.

സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടിതമായി ഇടപടണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജീവകാരുണ്യപ്രവര്‍ത്തനരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു. സ്നേഹംകൊണ്ട് മനുഷ്യമനസിനെ കീഴടക്കാന്‍ കഴിയുമെന്ന് മറുപടി പ്രസംഗത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ദുബായ് വൈഎംസിഎ പ്രസിഡന്റ് മനോജ് ജോര്‍ജ്, സ്വാമി ജനനന്മ ജ്ഞാനതപസ്വി, ട്രാവന്‍കൂര്‍ മലയാളി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള, വി.ഡി. രാജന്‍, പ്രിയകുമാര്‍, ഹഹിര്‍ അലി എന്നിവരും സംബന്ധിച്ചു.