ജിദ്ദയില്‍ മരിച്ച അബാസിന്റെ ഇന്‍ഷ്വറന്‍സ് തുക പാസായി
Saturday, June 14, 2014 8:21 AM IST
ജിദ്ദ: രണ്ടുമാസം മുന്‍പ് ജിദ്ദയില്‍ മരിച്ച പാലക്കാട് ജില്ലയിലെ തൃത്താല മേഴത്തൂര്‍ പുതിയന വളപ്പില്‍ അബാസിന് ഒഐസിസി മെംബര്‍ എന്ന നിലക്ക് കെപിസിസിയില്‍ നിന്നും കിട്ടാവുന്ന ഇന്‍ഷ്വറന്‍സ്് തുകയായ മൂന്ന് ലക്ഷം രൂപ പാസായ വിവരം ഒഐസിസി. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശരീഫ് കുഞ്ഞ് ജിദ്ദയില്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ മുഖേന അബാസിന്റെ ജേഷ്ഠസഹോദരന്‍ മൊയ്തീന്‍കുട്ടിക്ക് ഉറപ്പു നല്‍കി.

ഒഐസിസി മെംബര്‍ഷിപ്പ് എടുത്ത വിദേശ മലയാളികള്‍ വിദേശത്തുവച്ച് മരണപ്പെട്ടാല്‍ നോമിനി പ്രകാരം അയാളുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ഇന്‍ഷ്വറന്‍സ്് തുകയും 15 വയസുവരെ പ്രായമുള്ള മരണപ്പെട്ട ആളുടെ കുട്ടികള്‍ക്ക് വിദ്യഭ്യാസത്തിനുള്ള ഒരു നിശ്ചിത സംഖ്യയും കൊടുക്കുന്നവിവരം കെപിസിസിയില്‍ തീരുമാനമെടുത്ത സ്ഥിതിക്ക് ഇത്തരം കേസുകള്‍ പെട്ടെന്ന് തന്നെ പാസാക്കി അവരവുടെ വസതിയില്‍ എത്തിച്ചു കൊടുക്കണം എന്നാണ് കെപിസിസി പ്രസിഡന്റ് സുധീരന്‍ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഓഗസ്റ് ആദ്യവാരം കൊടുക്കാനുള്ള സൌകര്യങ്ങള്‍ ചെയ്യാം എന്നും ഉറപ്പു നല്‍കി.

ജിദ്ദ ഒഐസിസി ഓഫീസില്‍ ഒത്തുകൂടിയ ജനറല്‍ സെക്രട്ടറി ശരീഫ് കുഞ്ഞിനൊപ്പം അബാസിന്റെ മയ്യിത്ത് നാട്ടില്‍ എത്തിക്കാന്‍ പരിശ്രമം നടത്തിയ മുഹമ്മദാലി, അബാസിന്റെ ജേഷ്ഠന്‍ മൊയ്തീന്‍ കുട്ടി, ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് കൊളത്തറ, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ, ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി.അബ്ദുറഹ്മാന്‍, പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ തൃത്താല, സൈതലവി പട്ടാമ്പി, മാമദ് പൊന്നാനി, കുഞ്ഞിമുഹമ്മദ് കൊടശേരി, ജിദേശ് എറകുന്നത്ത്, മുജീബ് തൃത്താല എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍



വിദേശി ഉംറ തീര്‍ഥാടകര്‍ 12 ദിവസത്തില്‍ കൂടുതല്‍ തങ്ങരുതെന്ന് ഹജ്ജ് മന്ത്രാലയം

മക്ക: വിദേശി ഉംറ തീര്‍ഥാടകര്‍ പരമാവധി പന്ത്രണ്ട് ദിവസം മാത്രമേ രാജ്യത്ത് തങ്ങാവൂ എന്ന് സൌദി ഹജ്ജ് മന്ത്രാലയം. ഇപ്പോള്‍ നാല് ലക്ഷത്തോളം തീര്‍ഥാടകരാണ് രാജ്യത്തുള്ളത്. ഇവര്‍ മടങ്ങിയാല്‍ മാത്രമേ ഉംറ കമ്പനികള്‍ക്ക് അടുത്ത തീര്‍ഥാടക സംഘത്തെ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കാനായാണ് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഹറം വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. തിരക്കൊഴിവാക്കാന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും വിദേശത്ത് നിന്ന് തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് സൌകര്യപ്രദമായി ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കണമെന്നും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍