റവ. ഡോ. നൈനാന്‍ ജോര്‍ജിനും ക്രിസ് അച്ചനും ഹൃദ്യമായ യാത്രാമംഗളം
Saturday, June 14, 2014 8:15 AM IST
ഷിക്കാഗോ: കഴിഞ്ഞ മൂന്നുവര്‍ഷമായി എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് വികാരിയായി പ്രവര്‍ത്തിച്ച റവ.ഡോ. നൈനാന്‍ ജോര്‍ജിനും ഷിക്കാഗോയിലെ നാല് ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ യൂത്ത് മിനിസ്ററായി പ്രവര്‍ത്തിച്ച ക്രിസ്റഫര്‍ മാത്യു അച്ചനും ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

പ്രസിഡന്റ് ജോയി ആലപ്പാട്ട് അച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് റവ. ബിനോയി പി. ജേക്കബ്, റവ. ഇടിക്കുള മാത്യു, സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍, ജോര്‍ജ് പണിക്കര്‍, ജോയിച്ചന്‍ പുതുക്കുളം, ആഗ്നസ് തെങ്ങുംമൂട്ടില്‍, ജിജോ വര്‍ഗീസ്, ജോര്‍ജ് പൂഴിക്കുന്നേല്‍, ചെറിയാന്‍ വേങ്കടത്ത്, സാം തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

ഷിക്കാഗോയിലെ വിവിധ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ കഴിവ് തെളിയിച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് നൈനാന്‍ ജോര്‍ജ് അച്ചന്‍ എന്ന് പ്രസിഡന്റ് ജോയി ആലപ്പാട്ട് അച്ചന്‍ പ്രസ്താവിച്ചു. കൌണ്‍സിലിന്റെ പ്രശംസാ ഫലകം അച്ചന്മാര്‍ക്ക് പ്രസിഡന്റ് ജോയ് ആലപ്പാട്ട് അച്ചന്‍ സമ്മാനിച്ചു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന് പുതിയ പള്ളി വാങ്ങിയത്, മദ്ബഹായുടെ പുതുക്കിപണി, അച്ചന്റെ പ്രസംഗപാടവം, നേതൃത്വഗുണം, അജപാലന ശുശ്രൂഷ എന്നിങ്ങനെയുള്ള പല മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ പ്രസംഗിച്ചവര്‍ അനുസ്മരിച്ചു.

തന്റെ പ്രാര്‍ഥനയില്‍ ഷിക്കാഗോയിലെ എക്യുമെനിക്കല്‍ പ്രസ്ഥാനം ഉണ്ടായിരിക്കുമെന്നും നാട്ടില്‍ ചെന്നും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുമെന്നും നൈനാന്‍ ജോര്‍ജ് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കോളജ് കാമ്പസുകളില്‍ ചെല്ലുമ്പോള്‍ എല്ലാ മലയാളി വിദ്യാര്‍ഥികളെ കാണുവാനും അവരോടൊപ്പം സമയം ചെലവഴിച്ച് അവരുടെ പ്രശ്നങ്ങള്‍ക്ക് കൌണ്‍സിലിംഗ് നടത്തി പ്രാര്‍ഥന നടത്തുമായിരുന്നുവെന്ന് ക്രിസ് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഡാളസ് സെന്റ് ജയിംസ് ചര്‍ച്ചിന്റെ വികാരിയായിട്ടാണ് ക്രിസ് അച്ചന്‍ ഷിക്കാഗോയോട് വിടപറയുന്നത്. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം