ന്യൂജേഴ്സിയില്‍ ഫൊക്കാന സൌഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
Saturday, June 14, 2014 8:12 AM IST
ന്യൂജേഴ്സി: സൌഹൃദത്തിന്റെയും കൂട്ടായ്മയുടെയും സ്മരണകള്‍ അയവിറക്കി ന്യൂജേഴ്സിയിലേയും ഫിലാഡല്‍ഫിയയിലേയും ഫൊക്കാന പ്രവര്‍ത്തകര്‍ ഒത്തുകൂടി.

ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകരായ ടി.എസ് ചാക്കോ, വര്‍ഗീസ് പ്ളാമൂട്ടില്‍, ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവരെ യോഗം ആദരിച്ചു.

ഫൊക്കാനയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുകയും അംഗസംഘടനകളുടെ നേതൃത്വത്തില്‍ കൂടുതല്‍ ജനകീയ പരിപാടികള്‍ ആവിഷ്കരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

ഷിക്കാഗോയില്‍ നടക്കുന്ന പതിനാറാമത് ഫൊക്കാന കണ്‍വന്‍ഷന്‍ വിജയിക്കുവാനും കൂടുതല്‍ പേരെ രജിസ്ട്രേഷന്‍ നടത്തുവാന്‍ പ്രോത്സാഹിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ ഫൊക്കാനയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുവാന്‍ മാധ്യമങ്ങളുമായി കൂടുതല്‍ സഹകരിക്കണം. സോഷ്യല്‍ മീഡിയകളിലൂടെയും പ്രിന്റ്-വിഷ്വല്‍ മീഡിയായും ഫൊക്കാനയുടെ സന്ദേശം ജനങ്ങളിലെത്തിക്കുവാനുള്ള അഭിഭാജ്യ ഘടകങ്ങളാണെന്ന് യോഗം വിലയിരുത്തി.

ജോയി ചാക്കപ്പന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ടി.എസ് ചാക്കോ, ഉണ്ണികൃഷ്ണന്‍ നായര്‍, ദേവസി പാലാട്ടി, ദാസ് കരണംകുഴിയില്‍, ഫ്രാന്‍സിസ് കാരക്കാട്ട്, എല്‍ദോ പോള്‍, ഡോ. ജോജി ചെറിയാന്‍, സുധ കര്‍ത്താ, തമ്പി ചാക്കോ, ജോര്‍ജ് ഓലിക്കല്‍, അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാന്‍, ബോബി ജേക്കബ് തുടങ്ങി നിരവധി പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് തമ്പി ചാക്കോ നന്ദി പറഞ്ഞു.