ഏകദിന ധ്യാനവും ബൈബിള്‍ ക്വിസ് മത്സരവും
Friday, June 13, 2014 4:21 AM IST
ഫിലാഡല്‍ഫിയ: സിഎസ്ഐ സഭയുടെ വടക്കേ അമേരിക്കന്‍ (ഒന്നും രണ്ടും റീജിയന്‍) ഇടവകകളുടെ സ്ത്രീജന സഖ്യത്തിന്റേയും അത്മായ സംഘടനകയുടേയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന റിട്രീറ്റ് ഫിലാഡല്‍ഫിയ ഇമ്മാനുവല്‍ സിഎസ്ഐ ദേവാലയത്തില്‍ ജൂണ്‍ ഏഴിന് നടന്നു.

രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ ഇടവകകളില്‍ നിന്നെത്തിയ പട്ടക്കാരും വിശ്വാസികളും ഭക്തിപുരസരം പങ്കെടുത്തു. തുടര്‍ന്നു നടന്ന ധ്യാനത്തില്‍ 'യേശുക്രിസ്തുവിന്റെ സന്തോഷം പങ്കുവയ്ക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി ഡെലവേര്‍വാലി മാര്‍ത്തോമ ഇടവക വികാരിയും ഫിലാഡല്‍ഫിയയിലെ ഭാരതീയ സഭകളുടെ എക്യൂമെനിക്കല്‍ കൂട്ടായ്മയുടെ ഈവര്‍ഷത്തെ ചെയര്‍മാനുമായ റവ. ഷാജി എം. ഈപ്പന്‍ ക്ളാസുകള്‍ നയിച്ച് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ഉച്ചഭക്ഷണത്തിനുശേഷം നടന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍ റവ. ഷാജി എം. ഈപ്പന്‍ ക്വിസ് മാസ്ററായിരുന്നു. കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം ആധാരമാക്കിയുള്ള ക്വിസ് മത്സരത്തില്‍, റോക്ക്ലാന്റ് വാലികോട്ടേജിലെ ഓള്‍സെയിന്റ്സ് എപ്പിസ്കോപ്പല്‍ സിഎസ്ഐ ഇടവക ഒന്നാം സ്ഥാനവും ന്യൂയോര്‍ക്ക് താപ്പനിലുള്ള ക്രൈസ്റ് സിഎസ്ഐ ഇടവക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ട്രോഫികള്‍ ഇമ്മാനുവല്‍ സിഎസ്ഐ ഇടവക വികാരി റവ. ഷാജന്‍ വി. ദാനിയേല്‍ വിതരണം ചെയ്തു. ഇടവക സെക്രട്ടറി ചെറിയാന്‍ ഏബ്രഹാം സ്വാഗതം ആശംസിക്കുകയും റിട്രീറ്റ് കോഓര്‍ഡിനേറ്റര്‍ കോശി കെ. വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. അജി സാം മാത്യുവിന്റെ നേതൃത്വത്തില്‍ റിട്രീറ്റ് ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചത് ഹൃദ്യമായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം