'ഫോമാ മീറ്റ് ദി കാന്‍ഡിഡേറ്റ്' പരിപാടി നടത്തി
Thursday, June 12, 2014 4:18 AM IST
ഫിലാഡല്‍ഫിയ: 2016-ലെ ഫോമാ കണ്‍വന്‍ഷന്‍, കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന ഫ്ളോറിഡയുടെ ഈസ്റ് കോസ്റിലേക്കോ അതോ വെസ്റ് കോസ്റിലേക്കോ?. ഫോമയുടെ അഞ്ചാമത് പ്രസിഡന്റ് മിയാമിയില്‍നിന്നുള്ള ആനന്ദന്‍ നിരവേലോ, അതോ താമ്പായില്‍ നിന്നുള്ള ജയിംസ് ഇല്ലിക്കലോ? ഉത്തരം ലഭിക്കണമെങ്കില്‍ ഫോമയുടെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ വരെ കാത്തിരിക്കണം. ജൂണ്‍ എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് ആറിന് ഫിലാഡല്‍ഫിയയിലെ ബ്രസ്റോ സീസണ്‍ 4 റസ്റോറന്റില്‍ നടന്ന മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം അക്ഷരാര്‍ത്ഥത്തില്‍ ഒരു വലിയ അനുഭവമായിരുന്നു.

വീറും വാശിയോടും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പലപ്പോഴും ഒരേ വേദിയില്‍ സ്ഥാനാര്‍ത്ഥികള്‍ എത്തുന്ന പതിവ് അമേരിക്കയില്‍ കാണാറില്ല. ഐക്യത്തിന്റേയും ശാന്തിയുടേയും സന്ദേശം മുഴക്കിക്കൊണ്ട് ഫോമയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും വേദിയിലെത്തിച്ച് ഒരു പുതിയ വഴി ഫോമ തുറന്നുകാട്ടി. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ ആമുഖ പ്രസംഗത്തിനുശേഷം ഫോമയുടെ ആദ്യ സെക്രട്ടറി അനിയന്‍ ജോര്‍ജ് മോഡറേറ്ററായി മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം ആരംഭിച്ചു. തുടര്‍ന്ന് ആതിഥേയ സംഘടനകളായ മാപ്പ് പ്രസിഡന്റ് സാബു സ്കറിയ, കല പ്രസിഡന്റ് ഡോ. കുര്യന്‍ മാത്യു എന്നിവര്‍ നിരീക്ഷകരായി തുടങ്ങിയ പരിപാടിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ആനന്ദന്‍ നിരവേല്‍ (ഫ്ളോറിഡ), ജയിംസ് ഇല്ലിക്കല്‍ (ഫ്ളോറിഡ), സെക്രട്ടറി സ്ഥാനാര്‍ത്ഥികളായ ഷാജി എഡ്വേര്‍ഡ് (ന്യൂയോര്‍ക്ക്), തോമസ് ടി. ഉമ്മന്‍ (ന്യൂയോര്‍ക്ക്), ട്രഷറര്‍ സ്ഥാനാര്‍ത്ഥികളായ ജോയ് ആന്റണി (ഫ്ളോറിഡ), സജി കരിമ്പന്നൂര്‍ (ഫ്ളോറിഡ), വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ വിന്‍സന്‍ പാലത്തിങ്കല്‍ (വാഷിംഗ്ടണ്‍), വിന്‍സെന്റ് ബോസ് മാത്യു (കാലിഫോര്‍ണിയ), ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി സ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോഫ്രിന്‍ ജോസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളികളാകാം എന്നുതുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിച്ചു.

ഫോമയുടെ 2014-16 കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, അഡ്വൈസറി കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരും പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം