സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്: അംഗത്വ വിതരണമേള നടത്തി
Thursday, June 12, 2014 4:18 AM IST
ഹൂസ്റണ്‍: സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മെമ്പര്‍ഷിപ്പ് വിതരണമേള ബിസിനസ് സംരംഭകരുടെ ബാഹുല്യവും താല്‍പര്യവുംകൊണ്ട് ശ്രദ്ധേയമായി. കേരള തനിമ റസ്റോറന്റില്‍ ജൂണ്‍ എട്ടാം തീയതി അഞ്ചു മണിക്ക് മൌന പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ സംഘടന പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സ്വാഗതമാശംസിച്ചു.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സംഘടന വളര്‍ന്ന് വികസിക്കുയുള്ളുവെന്നും അതിന്റെ ഗുണഭോക്താക്കളാവാന്‍ ആവുംവിധം പരിശ്രമിക്കണമെന്നും ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ അംഗങ്ങളുടെ അറിവിലേക്കായി വിശദീകരിച്ചുകൊണ്ട് അദ്ദേഹം അഭ്യര്‍ഥിച്ചു. സെക്രട്ടറി ജോര്‍ജ് കോളച്ചേരില്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഭാവനാപൂര്‍ണമായ ഭാവി പദ്ധതികളെപ്പറ്റി പ്രതിപാദിച്ചു.തുടര്‍ന്ന് പുതുതായി ചേര്‍ന്ന അംഗങ്ങള്‍ സദസ്സിനെ സ്വയം പരിചയപ്പെടുത്തുകയും തങ്ങളുടെ ബിസിനസ് മേഖലയുടെ വളര്‍ച്ചയെപ്പറ്റി സംസാരിക്കുകയും ചെയ്തു. നവാഗതര്‍ തങ്ങളുടെ അംഗത്വ ഫോറവും ചെക്കും അധികാരികള്‍ക്ക് കൈമാറി. ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റും കോര്‍പറേറ്റ് ഇവന്റ് ഡയറക്ടറുമായ ഡോ. ജോര്‍ജ് കാക്കനാട്ട് മെമ്പര്‍ഷിപ്പ് വിതരണത്തിന് ചുക്കാന്‍ പിടിച്ചു. ടീം വര്‍ക്കിലൂടെ മികച്ച വിജയം കരഗതമാക്കാമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മികച്ച വിജയം അംഗങ്ങള്‍ക്ക് നേടാന്‍ സാധിക്കുമെന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് ചേംബറിന്റ ബിസിനസ് ഡയറക്ടര്‍ ജോര്‍ജ് ഈപ്പന്‍ പറഞ്ഞു. സംഘടനയുടെ സമ്മാനമായി ഒരു ഓണ്‍ലൈന്‍ ബിസിനസ് ഡയറക്ടറി തയ്യാറാക്കുന്നുവെന്നും അത് അടുത്ത വാര്‍ഷികയോഗത്തില്‍ പ്രര്‍ത്തനസജ്ജമാവുമെന്നും പി.ആര്‍.ഒ. സണ്ണി കാരിക്കന്‍ അറിയിച്ചു.

ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അടുത്ത മീറ്റിങ് ജൂലൈ 13-ാം തീയതിയാണ്. യോഗത്തില്‍ ഫിനാന്‍സ് ഡയറക്ടര്‍ രമേശ് അത്തിയോടി ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. സൌത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് മെമ്പര്‍ഷിപ്പിന് താല്‍പര്യമുള്ളവര്‍ മെബര്‍ റിലേഷന്‍സ് ഡയറക്ടര്‍ ജോയി എന്‍ സാമുവലിനെ ബന്ധപ്പെടുക. ഫോണ്‍: 832 606 5697.

റിപ്പോര്‍ട്ട്: ജോര്‍ജ് കാക്കനാട്ട്