ഡാളസില്‍ റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റി പൊതുയോഗം ജൂണ്‍ 14ന്
Wednesday, June 11, 2014 8:04 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തയാറാക്കിയ പ്രോജക്ടുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന് അമേരിക്കയെ എട്ട് റീജിയണുകളായി വിഭാഗിച്ചതില്‍ സൌത്ത് വെസ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ പൊതുയോഗം ഫാര്‍മേഴ്സ് ബ്രാഞ്ചിലെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസില്‍ ജൂണ്‍ 14ന് (ശനി) മൂന്നിന് ചേരുമെന്ന് ആര്‍എസി സെക്രട്ടറി സന്തോഷ് ചാക്കോ അറിയിച്ചു.

പ്രധാനമായും പാട്രിക് മിഷന്‍ പ്രോജക്ടില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനാണ് യോഗം അടിയന്തരമായി ചേരുന്നത്. പാട്രിക്കിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഒക്ലഹോമ ചോക്ടൌ കമ്യൂണിറ്റിയില്‍ ഒരു സ്മാരക മന്ദിരം പൂര്‍ത്തീകരിച്ചു സമര്‍പ്പിക്കണമെന്ന മുന്‍ തീരുമാനം ചില സാങ്കേതിക തടസങ്ങള്‍ മൂലം നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭദ്രാസന എപ്പിസ്കോപ്പയുടെ പ്രത്യേക താത്പര്യം കൂടി പരിഗണിച്ചാണ് യോഗനടപടികള്‍ മുന്നോട്ടു പോവുക.

നോര്‍ത്ത് അമേരിക്ക-യൂറോപ്പു ഭദ്രാസന കൌണ്‍സില്‍ ട്രസ്റി ഫിലിപ്പ് തോമസും രണ്ടു കൌണ്‍സില്‍ അംഗങ്ങളും ഡാളസിനെ പ്രതിനിധീകരിക്കുന്നതില്‍ പ്രോജക്ട് എത്രയും വേഗം പൂര്‍ത്തീകരിക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്നാണ് സഭാ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍