ലോകകപ്പ് ജ്വരം പ്രവാസികളിലും; ഭൂരിപക്ഷവും ബ്രസീലിനൊപ്പം
Wednesday, June 11, 2014 8:02 AM IST
റിയാദ്: ലോകകപ്പ് ഫുട്ബോള്‍ ബ്രസീലിലെ സാവോപോളോയില്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജനപ്രിയ ടീമുകളുടേയും കളിക്കാരുടേയും ആരാധകരായ പ്രവാസികളും എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുന്നു.

റിയാദിലെ സ്പോര്‍ട്സ് കടകളില്‍ വിവിധ നിറങ്ങളിലുള്ള ടീമുകളുടെ ജേഴ്സികളും ബാഡ്ജുകളും ഇരട്ടിയിലധികം വിലക്കാണ് വില്‍ക്കുന്നത്. പ്രവാസികളും സ്വദേശികളും ഏറെ പ്രിയത്തോടെ വാങ്ങുന്നത് ബ്രസീലിന്റെ ജേഴ്സികളാണ്.

അര്‍ജന്റീന, ജര്‍മ്മനി, സ്പെയില്‍, ഇംഗ്ളണ്ട് ടീമുകളോട് താത്പര്യമുള്ളവരും കുറവല്ല. ലോകകപ്പ് പ്രവചന മത്സരങ്ങളും ചര്‍ച്ചകളുമായി മത്സരം വീക്ഷിക്കാനായി ഓഡിറ്റോറിയങ്ങളിലെത്തുന്നവരെ കൂടുതല്‍ ആവേശഭരിതരാക്കാനുള്ള ശ്രമങ്ങളും ചില സംഘടനകളും സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

കളിക്കാരുടെ പരിക്കും ബ്രസീലിലെ കാലാവസ്ഥയും കളികളുടെ നിറം കെടുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്െടങ്കിലും രാത്രി ഉറക്കമിളച്ചിരുന്ന് ലോകത്തിലെ ഏറ്റവും ജനകീയമായ കായിക വിനോദത്തില്‍ പങ്കാളികളാകാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

റിയാദിലെ പ്രവാസി ഫുട്ബോള്‍ ക്ളബുകളുടെ പൊതുവേദിയായ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും റിഫ പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫോര്‍ക്കയും ഷിഫ അല്‍ ജസീറ പോളിക്ളിനിക്കിന്റെ സഹകരണത്തോടെ വലിയ സ്ക്രീനില്‍ കളി കാണാനും ഓരോ ദിവസവും നടക്കുന്ന കളിയെക്കുറിച്ച് അവലോകനം നടത്താനും സൌകര്യമൊരുക്കിയിരിക്കുന്നു.

ലോകകപ്പ് പ്രവചന മത്സരവും സ്പോര്‍ട്സ് ക്വിസ് മത്സരവും നടത്തുന്നുണ്ട്. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും സഫാമക്ക പോളിക്ളിനിക്കും ചേര്‍ന്ന് ഇതേ സംവിധാനങ്ങള്‍ സഫാമക്കാ ഓഡിറ്റോറിയത്തിലും ഒരുക്കിയിട്ടുണ്ട്. പ്രവചന മത്സര വിജയിക്ക് മെഗാ സമ്മാനമായി എല്‍ഇഡി ടിവി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

പ്രവാസി ഫുട്ബോള്‍ ആരാധകര്‍ ഭൂരിപക്ഷവും ഈ വര്‍ഷവും ബ്രസീലിനോടൊപ്പമാണ്. ആതിഥേയ രാജ്യമെന്ന ആനുകൂല്യവും മികച്ച കളിക്കാരുടെ സാന്നിധ്യവും ബ്രസീലിന് തന്നെയാണ് കൂടതല്‍ സാധ്യതയെന്നാണ് അഭിപ്രായം. റിഫ സെക്രട്ടറിയും നല്ലൊരു ഫുട്ബോള്‍ സംഘാടകനുമായ മുജീബ് ഉപ്പട ബ്രസീല്‍ തന്നെ കപ്പ് നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടണമെന്നാണ് മുജീബ് ആഗ്രഹിക്കുന്നത്. മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലെ ഒരു കാലത്തെ ആവേശമായിരുന്ന റോയല്‍ റിയാദ് സോക്കര്‍ ക്ളബിന്റെ കളിക്കാരന്‍ ഷരീഫ് കാളികാവ് ഹോളണ്ടിനൊപ്പമാണ്. വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ തന്നെ ഹോളണ്ട് ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ സ്പെയിനിനെ മുട്ടുകുത്തിക്കുമെന്നാണ് ഷരീഫിന്റെ അഭിപ്രായം. ഇംഗ്ളണ്ടിനെ പിന്തുണക്കുന്ന മുന്‍ സൂപ്പര്‍ സ്റ്റുഡിയോ താരം സമീര്‍ വണ്ടൂര്‍ പക്ഷേ ചാമ്പ്യന്‍ഷിപ്പ് ജര്‍മിനിക്കായിരിക്കും എന്ന അഭിപ്രായക്കാരനാണ്. പരിചയസമ്പന്നരായ നല്ല കളിക്കാരുമായിറങ്ങുന്ന ജര്‍മനിക്ക് എല്ലാംകൊണ്ടും കിരീട സാധ്യതയുണ്െടന്നാണ് സമീര്‍ പറയുന്നത്.

ബ്രസീലിന് 90 ശതമാനം സാധ്യതയുണ്െടന്നും എല്ലാ പിന്തുണയും ബ്രസീലിനാണെന്നും റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബഷീര്‍ ചേലേമ്പ്ര പറഞ്ഞു. ആദ്യ റൌണ്ടില്‍ തന്നെ ഒട്ടേറെ മികച്ച കളികള്‍ കാണാന്‍ അവസരമുണ്ടാകുന്നതാണ് ടൂര്‍ണമെന്റ് ഫിക്സ്ചര്‍. അട്ടിമറികള്‍ പലതും പ്രതീക്ഷിക്കാമെന്നും ബഷീര്‍ അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗലിന്റെ ലൂയിസ് ഫിഗോയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകനായിരുന്ന ലൂയിസ് സെബാസ്റ്റ്യന്‍ പക്ഷേ ഇത്തവണ എല്ലാ പിന്തുണയും റഷ്യന്‍ ടീമിന് നല്‍കുന്നു. ശക്തരായ ബെല്‍ജിയമുള്ള ഗ്രൂപ്പ് എച്ചില്‍ നിന്നും അവരോടൊപ്പം രണ്ടാം റൌണ്ടിലേക്ക് റഷ്യയും കടക്കുമെന്നു തന്നെയാണ് ലൂയി പറയുന്നത്. കേളിയുടെ സ്പോര്‍ട്സ് സംഘാടകനും മികച്ച കളിയെഴുത്തുകാരനും ആസ്വാദകനുമൊക്കെയായ നൌഷാദ് കോര്‍മത്ത് 1986 ലെ മെക്സിക്കോ ലോകകപ്പ് മുതല്‍ അര്‍ജന്റീനയെ പിന്തുണക്കുന്നു. ഇത്തവണയും മെസിയുടെ മികച്ച പിന്തുണയില്‍ അര്‍ജന്റീന കിരീടം പിടിച്ചെടുക്കുമെന്ന് നൌഷാദ് വിശ്വസിക്കുന്നു. എന്തൊക്കെയായാലും ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ സൌന്ദര്യം ഇത്തവണ എല്ലാ അര്‍ഥത്തിലും ആസ്വദിക്കാന്‍ ബ്രസീല്‍ ലോകകപ്പ് അവസരമൊരുക്കും. ഫുട്ബോള്‍ നിയമങ്ങളിലെ പുതിയ പരിഷ്കാരവും കുറ്റമറ്റ അംപയറിംഗും കളികളെല്ലാം കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും നൌഷാദ് പറഞ്ഞു.

എല്ലാ രീതിയിലും ബ്രസീല്‍ ലോകകപ്പ് മത്സരങ്ങള്‍ പ്രവാസികളും നെഞ്ചേറ്റാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ദിനങ്ങള്‍ ഫുട്ബോള്‍ ആരവങ്ങളുടേതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അന്തമായ ഫുട്ബോള്‍ ആരാധനയുടെ പേരില്‍ നടക്കുന്ന ആഭാസങ്ങളേയും അംഗീകരിക്കാന്‍ പ്രവാസലോകം തയ്യാറല്ല. പാശ്ചാത്യരെ അനുകരിച്ച് മലബാറിലെല്ലാം നടക്കുന്ന ഫുട്ബോള്‍ ബഹളങ്ങളും ഫ്ളക്സ് മത്സരങ്ങളും നമ്മുടെ അന്തസ്സിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന അഭിപ്രായമുള്ളവരും പ്രവാസലോകത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍