ഫൈസലിയയില്‍ വന്‍ തീപിടുത്തം ആളപായമില്ല
Wednesday, June 11, 2014 8:02 AM IST
റിയാദ്: റിയാദിലെ ഫൈസലിയയിലെ ഗോഡൌണ്‍ ഏരിയയില്‍ ബുധനാഴ്ചയുണ്ടായ വന്‍തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടം. ആളപായമൊന്നുമില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഏഴോളം ഗോഡൌണുകളും എട്ട് കാറുകളും പൂര്‍ണമായും കത്തി നശിച്ചു.

രാവിലെ 11.30 ന് ആരംഭിച്ച തീ, നല്ല കാറ്റുള്ള സമയമായതിനാല്‍ വളരെ പെട്ടെന്നാണ് പടര്‍ന്നുപിടിച്ചത്. അഗ്നിശമനസേനയുടെ 25 യൂണിറ്റുകള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

നിമിഷങ്ങള്‍കൊണ്ടാണ് തീഗോളങ്ങള്‍ ഗോഡൌണുകളെ അഗ്നിക്കിരയാക്കിയത്. 4200 മീറ്ററോളം നീളത്തില്‍ തീ പടര്‍ന്നു. സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുടെ കഠിന പരിശ്രമം കൊണ്ടാണ് നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താന്‍ സാധിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍