ശരത്തിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മരിക്കുന്നില്ല; ടെക്സാസില്‍ നിന്നു പ്രതീക്ഷയുടെ കോള്‍
Wednesday, June 11, 2014 12:13 AM IST
പേരൂര്‍ക്കട(തിരുവനന്തപുരം): ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും തോളിലേറ്റി വിദേശത്ത് ഷിപ്പില്‍ എന്‍ജിന്‍ കേഡറ്റ് ട്രെയിനിയായി ജോലിചെയ്യുന്നതിനിടെ കാണാതായ ശരത്ത് എന്ന യുവാവിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇനിയും മരിക്കുന്നില്ല.

കഴിഞ്ഞ 2013 ജൂലൈ 28നാണ് പേരൂര്‍ക്കട ഇന്ദിരാനഗര്‍ ഭാനുലെയിന്‍ ഹൌസ് നമ്പര്‍ 52ല്‍ ശരത്ത് പ്രഭാസുത (25) ന്റെ ഫോണ്‍വിളി അവസാനമായി വീട്ടിലേക്കു വരുന്നത്. ഡിസംബറില്‍ ട്രെയിനിംഗ് കഴിയുമെന്നും അന്ന് എല്ലാപേരെയും കാണാമെന്നുമാണ് ശരത്ത് അറിയിച്ചിരുന്നത്. പിതാവ് പ്രഭാസുതനും ഒപ്പം സുഹൃത്തുക്കള്‍ക്കും നല്‍കിയ മറുപടിയാണിത്.

കഴിഞ്ഞ 2013 മെയ് ഏഴിനാണ് സിങ്കപ്പൂര്‍ ബെയ്സ്ഡ് കമ്പനിയായ എം.എസ്.ഐ ഷിപ്പിങ്ങില്‍ ശരത്തിന് ട്രെയിനിയായി പോസ്റിംഗ് ലഭിക്കുന്നത്. കൊറിയയില്‍നിന്ന് ടെക്സാസിലേക്കും തിരികെയും കെമിക്കലുകള്‍ കയറ്റി അയയ്ക്കുന്ന ഷിപ്പിലെ തൊഴിലാളിയായിരുന്നു ശരത്ത്. ട്രെയിനിംഗിനുശേഷം എന്‍ജിനീയറായി സ്ഥിരനിയമനം നേടിനിരുന്നതാണ് ഈ യുവാവ്. 30 ഓളം തൊഴിലാളികളുള്ള ഷിപ്പില്‍ ഏക മലയാളിയുവാവായിരുന്നു ശരത്ത്. ശരത്തിനെ കപ്പലില്‍നിന്ന് എങ്ങനെ കാണാതായി എന്ന് ആര്‍ക്കുമറിയില്ല. യു.എസ് കോസ്റ്ഗാര്‍ഡ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ശരത്തിന്റെ ബാഗും മൊബൈലും മാത്രം കപ്പലില്‍നിന്നു ലഭിച്ചു. അതു വീട്ടിലെത്തിക്കുകയും ചെയ്തു.

ഇതിനിടെ മാസങ്ങള്‍ക്കുശേഷം ശരത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ട് പൊടുന്നനെ ആക്ടീവായത് എല്ലാപേരെയും ആകാംക്ഷാഭരിതരാക്കി. എന്നാല്‍ അക്കൌണ്ട് അറിയാമായിരുന്ന ഒരു സുഹൃത്താണ് ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തതെന്ന് പിന്നീടറിഞ്ഞു. കേന്ദ്ര, സംസ്ഥാന മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ശരത്തിന്റെ പിതാവ് നിവേദനങ്ങള്‍ നല്‍കി. എന്നാല്‍ യുവാവിനെക്കുറിച്ച് അന്വേഷണത്തില്‍ യാതൊരു വിവരവും ലഭിച്ചില്ല. ശരത്തിനെക്കുറിച്ച് രാഷ്ട്രദീപിക നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കി. നീന്തലില്‍ വിദഗ്ധനായ ശരത്തിനെ കടലില്‍ കാണാതായി എന്നു പറയുന്നത് പിതാവ് പ്രഭാസുതന്‍ വിശ്വസിക്കുന്നില്ല.
ഇതിനിടെ ശരത്തിന്റെ പഠനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ എസ്.ബി.ടിയില്‍ നിന്ന് പിതാവ് പ്രഭാസുതന്‍ വായ്പയെടുത്ത ഒരുലക്ഷം രൂപ അധികൃതര്‍ ഇളവുചെയ്തു നല്‍കുമെന്ന പ്രതീക്ഷയുണ്ട്. ശരത്തിന്റെ കാണാതായിട്ട് വരുന്ന ജൂലൈയില്‍ ഒരുവര്‍ഷം തികയുന്നു. അതിനിടെ ടെക്സിനു സമീപത്തെ ഹോസ്റണ്‍ പോര്‍ട്ടില്‍നിന്ന് ഒരു പ്രതീക്ഷയുടെ കോള്‍ എത്തി. എന്നാല്‍ എന്തെങ്കിലും സംസാരിക്കുന്നതിനുമുമ്പുതന്നെ കോള്‍ കട്ടാകുകയും ചെയ്തു. ഹോസ്റണിലെ മെന്റല്‍ ഹെല്‍ത്ത് മെന്റല്‍ റിറ്റാര്‍ഡേഷന്‍ അതോറിറ്റി ഓഫ് ഹാരിസ് കൌണ്ടി എന്ന മാനസികാരോഗ്യ കേന്ദ്രത്തിലെ +7139703057 എന്ന നമ്പരില്‍നിന്നാണ് പിതാവ് പ്രഭാസുതന്റെ 9446391596 എന്ന നമ്പരിലേക്കു കോള്‍ വരുന്നത്. ഇതോടെ കുടുംബത്തിന്റെ പ്രതീക്ഷയും നാമ്പിട്ടു. ഏറ്റവും ഒടുവില്‍ അമേരിക്കയിലെ മലയാളിസംഘടനയുമായി ബന്ധപ്പെട്ടു. അവര്‍ ഇതുമായുള്ള അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കാമെന്ന് അറിയിച്ചിരിക്കുകയാണ്.

തന്റെ മകന്‍ ആരുടെയെങ്കിലും പിടിയിലകപ്പെട്ടു കഴിയുകയായിരുന്നുവോ ? മാനസിക വിഭ്രാന്തിയുണ്ടായ അവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിപ്പെട്ടതായിരിക്കുമോ ? അതില്‍നിന്ന് ഏറെക്കുറെ വിടുതല്‍ നേടിയ ശരത്ത് അറിയിച്ച് ആരെങ്കിലും ഫോണ്‍ ചെയ്തതാകുമോ ? പ്രഭാസുതന്റെയും കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അതിരില്ല.